ടെന്‍ഡറില്ലാതെ രണ്ടു ലക്ഷം രൂപയുടെ മരാമത്ത് പണികള്‍ ചെയ്യാന്‍ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി: ഉത്തരവ് പുറപ്പെടുവിച്ചു

Posted on Tuesday, June 16, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന രണ്ടു ലക്ഷം രൂപ വരെയുള്ള മരാമത്ത്പണികള്‍ ടെന്‍ഡര്‍ കൂടാതെ ചെയ്യുന്നിന് കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് ധനകാര്യ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ളിക് വര്‍ക്ക്സ്-ബി) വകുപ്പ് ഉത്തരവ് (സ.ഉ.(പി)നം.73/2020/ഫിനാന്‍സ്, തീയതി, തിരുവനന്തപുരം, 03-06-2020) പുറപ്പെടുവിച്ചു.

മരാമത്ത് പണികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അംഗീകൃത നിരക്കും വിപണി നിരക്കും തമ്മിലുള്ള അന്തരവും  വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യവും കാരണം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന മരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകളെ സര്‍ക്കാര്‍ പരിഗണിച്ചത്. ഇതോടൊപ്പം റോഡ്, കെട്ടിടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതു കാരണം ആളപായം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതിനും കൂടാതെ മരാമത്ത് ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ചെറുകിട അറ്റകുറ്റ പണികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കി ധനവകുപ്പിന്‍റെ പുതിയ ഉത്തരവ്.

മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ  ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുന്നതു വഴി ഈ മേഖലയില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി മരാമത്ത് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 288 കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും 216 മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഓരോ ഡിവിഷനിലുമുള്ള മരാമത്ത് പണികളുടെ കരാര്‍ ഏറ്റെടുക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപയുടെ തൊഴില്‍ അവസരമാണ് ഒരു സാമ്പത്തിക വര്‍ഷം ലഭിക്കുക. ഏറ്റെടുത്ത ജോലികള്‍ വിജയകരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്ന ഗ്രൂപ്പുകള്‍ക്ക് വീണ്ടും അവസരം ലഭിക്കും. ടെന്‍ഡര്‍ ഒഴിവാക്കി കുടുംബശ്രീ നോമിനേറ്റ് ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കായിരിക്കും അവസരം ലഭിക്കുക.

പുതിയ ഉത്തരവ് പ്രകാരം കുടുംബശ്രീയുടെ കണ്‍സ്ടക്ഷ്രന്‍, എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ വഴി കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ശുചീകരണം, അടഞ്ഞു പോയ കനാലുകളുടെ ശുചീകരണം, ഗതാഗതം തടസപ്പടുത്തുന്ന രീതിയില്‍ റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ വെട്ടി നീക്കല്‍, കലുങ്കുകളുടെ അറ്റകുറ്റപ്പണികള്‍, റോഡിലെ കുഴികള്‍ അടയ്ക്കല്‍ എന്നീ ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനാണ്  അനുമതി ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്ന ഇലക്ട്രിക്കല്‍ ജോലികള്‍, ശുചീകരണ പ്രക്രിയകള്‍ എന്നിവയും പ്രത്യേക തൊഴില്‍ നൈപുണ്യ വൈദഗ്ധ്യം നേടിയ കുടുംബശ്രീ ഗ്രൂപ്പുകള്‍ മുഖേന നിര്‍വഹിക്കും.

ഓരോ ജില്ലകളിലും പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കുടുംബശ്രീ ഏറ്റവും മികച്ച ഗ്രൂപ്പുകളെ കണ്ടെത്തും. അതത് ജില്ലാമിഷനുകള്‍ക്കാണ് ഇതിന്‍റെ ചുമതല.

     

 

Content highlight
മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ