കാലമേറുന്തോറും കുടുംബശ്രീയുടെ പ്രസക്തി വര്‍ധിക്കുന്നു: ചീഫ് സെക്രട്ടറി

Posted on Tuesday, February 4, 2025

പഴക്കമേറുന്തോറും ചില പ്രസ്ഥാനങ്ങള്‍ പൂട്ടിപ്പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിലും മൂന്ന് പതിറ്റാണ്ടിലേക്ക് കടക്കുന്ന  കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. കുടുംബശ്രീയുടെ അംഗീകൃത ഓഡിറ്റിങ്ങ് സംരംഭമായ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റിങ്ങ് സര്‍വീസ് സൊസൈറ്റി-കാസ് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച്  വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍  സംഘടിപ്പിച്ച പ്ളാന്‍ രൂപീകരണവും ഓഡിറ്റ് ശില്‍പശാലയും 'സ്പന്ദനം 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ദാരിദ്ര്യ ലഘൂകരണത്തിലും സ്ത്രീശാക്തീകരണത്തിലും കേരളത്തില്‍ കുടുംബശ്രീ നിര്‍ണായക പങ്കാണ് വഹിച്ചത്. തുല്യനീതിയും അവസരവും സൃഷ്ടിച്ച് കെട്ടുറപ്പോടെ മുന്നോട്ടു പോകുന്നതാണ് കുടുംബശ്രീയുടെ വിജയം. സാമ്പത്തിക സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതില്‍ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റിയുടെ പങ്ക് ശ്ളാഘനീയമാണ്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലയിലും സമഗ്രമായ ശാക്തീകരണത്തിന് നാം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും അതിനായി കുടുംബശ്രീയുടെ നവീന പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും കഴിയുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.  കാസ് ടീമിന്‍റെ ഇരുപത് വര്‍ഷത്തെ നാള്‍വഴികള്‍ രേഖപ്പെടുത്തിയ പുസ്തകത്തിന്‍റെ പ്രകാശനവും ശാരദാ മുരളീധരന്‍ നിര്‍വഹിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നവീന്‍ സി സ്വാഗതം പറഞ്ഞു. കാസ് സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി സോണിയ ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സി.ഡി.എസ്-2 അധ്യക്ഷ വിനീത പി, കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ അഞ്ചല്‍ കൃഷ്ണകുമാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനീഷ് കുമാര്‍ എം.എസ് എന്നിവര്‍ ദേശീയ സ്പാര്‍ക് റാങ്കിങ്ങ് അവാര്‍ഡ് ജേതാക്കളായ കാസ് ടീമിന് ലഭിച്ച പ്രശംസാപത്രത്തിന്‍റെ പകര്‍പ്പ് എല്ലാ ജില്ലാ ടീമുകള്‍ക്കും വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ ഉണ്ണിക്കൃഷ്ണ്‍ ആശംസിച്ചു. കാസ് സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് മിനി ഡി.എസ് നന്ദി പറഞ്ഞു. തുടര്‍ന്ന് ഐ.എം.ജി ഫാക്കല്‍റ്റി മുന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ 'ഓഡിറ്റ് ആന്‍ഡ് റിപ്പോര്‍ട്ടിങ്ങ്' എന്ന വിഷയത്തില്‍ വിഷയാവതരണവും ആക്ഷന്‍ പ്ളാന്‍ രൂപീകരണവും ജില്ലാതല അവതരണവും നടത്തി. കാസ് ടീം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Content highlight
Kudumbashree's relevance is increasing with time: Chief Secretary