അന്താരാഷ്ട്ര വ്യാപാര മേള: കുടുംബശ്രീക്ക് മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌ക്കാരം

Posted on Monday, December 9, 2019

ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 27 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിച്ച 39ാം അന്താരാഷ്ട്ര വ്യാപാര മേളയില്‍ മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌കാരം കുടുംബശ്രീക്ക് ലഭിച്ചു. സമാപന സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലില്‍ നിന്നും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌ക്കാരം കുടുംബശ്രീ ടീം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവര്‍ സംയുക്തമായി സ്വീകരിച്ചു. വ്യാപാര മേളയില്‍ നിന്നും കുടുംബശ്രീ സ്റ്റാളുകള്‍ ആകെ 30.32 ലക്ഷം രൂപയുടെ വിറ്റുവരവും നേടി.

ഫുഡ് കോര്‍ട്ട്, കേരള പവിലിയനിലെ ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാള്‍, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സരസ് മേള,  'ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്' എന്ന ആശയത്തെ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച തീം സ്റ്റാള്‍ എന്നീ വിഭാഗങ്ങളിലാണ് കുടുംബശ്രീ പങ്കെടുത്തത്. ഇതില്‍ കേരള പവിലിയനില്‍ പങ്കെടുത്ത വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌കാരത്തിന് കുടുംബശ്രീ അര്‍ഹമായത്.

പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, എന്നീ ജില്ലകളില്‍ നിന്നുള്ള സംരംഭകരുടെ ഉത്പന്നങ്ങളാണ്  ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യാശ, മലപ്പുറം ജില്ലയിലെ അന്നപൂര്‍ണ്ണ എന്നീ യൂണിറ്റുകളിലെ ഏഴു പേര്‍ ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തു. 3.31 ലക്ഷം രൂപയാണ് ഇവരുടെ വിറ്റുവരവ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട്, കൊല്ലം, ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും ഉത്പന്നങ്ങളുമായി ഏഴു സ്റ്റാളുകളാണ് സരസ് മേളയില്‍ ഉണ്ടായിരുന്നത്. മേള കഴിഞ്ഞപ്പോള്‍ 21.54 ലക്ഷം രൂപ സരസ് മേളയില്‍ നിന്നും നേടാനായിട്ടുണ്ട്. തീം സ്റ്റാളില്‍ 'കേരളത്തിന്റെ സംരംഭക വികസന മാതൃകകള്‍' എന്നതാണ് കുടുംബശ്രീ പ്രദര്‍ശിപ്പിച്ചത്. ധനമന്ത്രി ഡോ.തോമസ് ഐസക്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, എ.എം.ആരിഫ് എന്നിവര്‍ കുടുംബശ്രീ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

 2002 മുതല്‍ കുടുംബശ്രീ അന്താരാഷ്ട്ര വ്യാപാര മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയില്‍ മികവിന്റെ അംഗീകരമായി 2013ല്‍ സ്വര്‍ണ്ണ മെഡലും 2014ല്‍ വെള്ളി മെഡലും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.

 

 

 

Content highlight
ധനമന്ത്രി ഡോ.തോമസ് ഐസക്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, എ.എം.ആരിഫ് എന്നിവര്‍ കുടുംബശ്രീ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.