കുടുംബശ്രീക്ക് ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ്

Posted on Monday, November 11, 2019

തിരുവനന്തപുരം: നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതിന് കുടുംബശ്രീക്ക് 2019 ലെ ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജന വിഭാഗത്തില്‍ കുടുംബശ്രീ സൂക്ഷ്മംരംഭങ്ങള്‍, അഗതിരഹിത കേരളം എന്നീ പദ്ധതികള്‍ക്കും നൈപുണ്യ വികസനത്തിന് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയ്ക്കുമാണ് അവാര്‍ഡ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേണന്‍സ് നൗ എന്ന സ്ഥാപനമാണ്  അവാര്‍ഡ് നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീക്കു വേണ്ടി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ സുചിത്ര. എസ്, ലിയോ പോള്‍.ടി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജോമോന്‍. കെ.ജെ എന്നിവര്‍ കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ തുറമുഖ  മന്ത്രാലയം ഐ.ടി ഫോഴ്സ് സി.ആര്‍.ഐ.എസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം വിനീത് ഗോയെങ്കയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും തൊഴില്‍ നൈപുണ്യ പരിശീലനത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചതിലൂടെ ഈ പദ്ധതികള്‍ കൈവരിച്ച വളര്‍ച്ചയും അതിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമായ നേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഇതു പ്രകാരം തൊഴില്‍ നൈപുണ്യ പരിശീലനത്തിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന' (ഡിഡിയുഡികൈവൈ), സംസ്ഥാനത്ത് അഗതിത്വം ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'അഗതിരഹിത കേരളം', അയല്‍ക്കൂട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് സഹായകമാകുന്ന സൂക്ഷ്മസംരംഭങ്ങള്‍ എന്നീ പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണത്തിനും ഏകോപനത്തിനും വിവരശേഖരണത്തിനും അനുയോജ്യമായ മൊബൈല്‍ ആപ്ളിക്കേഷനുകളും  പോര്‍ട്ടലും രൂപീകരിച്ച് ബന്ധപ്പെട്ട മേഖലയില്‍ സമഗ്ര വളര്‍ച്ച കൈവരിച്ചതാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഡിഡിയുജികൈവൈ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായിയുള്ള ഏകീകൃത പ്രവര്‍ത്തന നടപടി ക്രമം അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും വേണ്ടി രൂപകല്‍പന ചെയ്ത പോര്‍ട്ടലാണ് അവാര്‍ഡിനര്‍ഹമായത്.  പദ്ധതിയുടെ വളര്‍ച്ച, പരിശീലനം നല്‍കുന്നതിനായി തിരഞ്ഞെടുത്ത 126 പരിശീലന ഏജന്‍സികള്‍ ഓരോന്നിന്‍റെയും പ്രവര്‍ത്തന മികവ്, പരിശീലന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍,  ദൈനംദിന പ്രവര്‍ത്തനങ്ങള്‍, മൊബിലൈസേഷനു ശേഷം  പദ്ധതി ഗുണഭോക്താവാകുന്നതു മുതല്‍ ജോലി ലഭ്യമാകുന്നതു വരെ ഒരു പരിശീലനാര്‍ത്ഥിയെ സംബന്ധിച്ച വിവരങ്ങള്‍ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ലഭ്യമാക്കുന്നതാണ് ഡിഡിയുജികെവൈ പോര്‍ട്ടല്‍. പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ ഏതു സമയത്തും ലഭ്യമാക്കുന്നതിന് പോര്‍ട്ടല്‍ ഏറെ സഹായകരമാണ്.   
 
കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മസംരംഭങ്ങളെ ജിയോടാഗ് ചെയ്യുന്നതിനായി പ്രത്യേകം മൊബൈല്‍ ആപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്യുകയും ഇതുപയോഗിച്ച് 22000ലേറെ സംരംഭങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിച്ചിരുന്നു. പരിശീലനം ലഭിച്ച 350 മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍ മുഖേനയാണ് ഇതു സംബന്ധിച്ച സര്‍വേ പൂര്‍ത്തിയാക്കിയത്. ജിയോ ടാഗ് ചെയ്തതു വഴി ഓരോ യൂണിറ്റിന്‍റെയും ഉല്‍പാദനം, വാര്‍ഷിക വിറ്റുവരവ്, അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ സര്‍ട്ടിഫിക്കേഷന്‍, അക്കൗണ്ടിങ്ങ് ആന്‍ഡ് ബുക്ക് കീപ്പിങ്ങ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുലര്‍ത്തുന്ന മികവ് നേരിട്ടു മനസിലാക്കുന്നതിനും ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ക്ക് ഗ്രേഡിങ്ങ് ഏര്‍പ്പെടുത്താനും സാധിച്ചു. ജിയോ ടാഗിങ്ങ് ഏര്‍പ്പെടുത്തിയതിലൂടെ ഓരോ യൂണിറ്റിന്‍റെയും പ്രതിമാസ വിറ്റുവരവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനും  ഇതുവഴി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണിയുമായുള്ള സഹകരണം, ഉല്‍പാദനം വര്‍ധിപ്പിക്കല്‍ തുടങ്ങി സംരംഭകര്‍ക്കാവശ്യമായ പിന്തുണകള്‍ ഏതെല്ലാമാണെന്നു മനസിലാക്കി അത് ലഭ്യമാക്കുന്നതിനും കഴിയുന്നുണ്ട്. ജിയോ ടാഗിങ്ങ് വഴി സംരംഭമേഖലയില്‍ കൈവരിച്ച ഈ മുന്നേറ്റമാണ് അവാര്‍ഡിനായി പരിഗണിച്ചത്.

സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ സുചിത്ര. എസ്, ലിയോ പോള്‍.ടി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജോമോന്‍. കെ.ജെ എന്നിവര്‍ കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ തുറമുഖ  മന്ത്രാലയം ഐ.ടി ഫോഴ്സ് സി.ആര്‍.ഐ.എസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം വിനീത് ഗോയെങ്കയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നു

2017ല്‍ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി പ്രത്യേകമായി മൊബൈല്‍ ആപ്ളിക്കേഷന്‍  രൂപകല്‍പന ചെയ്തിരുന്നു. ഈ മൊബൈല്‍ ആപ് ഉപയോഗിച്ച് പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേന മൂന്നു ലക്ഷത്തിലേറെ കുടുംബങ്ങളില്‍ സര്‍വേ നടത്തുന്നതിനും ഇതില്‍ നിന്നും അര്‍ഹരായ 1,57,691 ഗുണഭോക്താക്കളെ സംബന്ധിച്ച വിവരശേഖരണം സാധ്യമാക്കുന്നതിനും കുടുംബശ്രീക്ക് കഴിഞ്ഞു. പദ്ധതിയിലെ ഓരോ ഗുണഭോക്താവിനും ലഭ്യമാകുന്ന സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതുകൂടാതെ ആകസ്മികമായി അഗതികളായി മാറിയ കുടുംബങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ കുടുംബശ്രീ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Content highlight
ദാരിദ്ര്യ നിര്‍മാര്‍ജന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതിന് കുടുംബശ്രീക്ക് 2019 ലെ ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു.