'ചലനം 2023' കുടുംബശ്രീ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനങ്ങള്‍ പൂര്‍ത്തിയായി

Posted on Monday, April 10, 2023

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള നാല് ദിവസത്തെ സംസ്ഥാനതല പരിശീലന പരിപാടി പൂര്‍ത്തിയായി. നഗര പ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തമാക്കുന്നതിനായി കുടുംബശ്രീ ആവ്ഷിക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് 'ചലനം 2023.' തിരുവനന്തപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്‍ററില്‍ ആറ് ബാച്ചുകളിലായി ആകെ 645 ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.  

മൈക്രോ ഫിനാന്‍സ്, ഉപജീവനം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ വികസനം, വാര്‍ഡ് സഭ, തൊഴിലുറപ്പ് എന്നീ വിഷയാധിഷ്ഠിത ഉപസമിതികള്‍ വഴിയാണ് കുടുംബശ്രീ സി.ഡി.എസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍.  ഇത്തരത്തില്‍ സംസ്ഥാനത്തെ 93 നഗരസഭകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാനതല പരിശീലനമാണ് പൂര്‍ത്തിയായത്.

 കുടുംബശ്രീ സംസ്ഥാന മിഷനില്‍ വിവിധ പദ്ധതികളുടെ ചുമതലയുള്ള ടീമുകള്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്നു തയ്യാറാക്കിയ പ്രത്യേക മൊഡ്യൂള്‍ പ്രകാരമായിരുന്നു പരിശീലനം. ഇതിന് കുടുംബശ്രീ പരിശീലക ടീമുകള്‍ നേതൃത്വം നല്‍കി. ക്ളാസ് റൂം സെഷനുകള്‍ക്ക് പുറമേ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി ഔട്ട് ഡോര്‍ സെഷനുകളും സംഘടിപ്പിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.ജഹാംഗീര്‍, ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ബീന.ഇ, അനീഷ് കുമാര്‍ എം.എസ് എന്നിവര്‍ പരിശീലനാര്‍ത്ഥികളുമായി സംവദിച്ചു.

Content highlight
chalanam training completed