സ്ത്രീശാക്തീകരണ വഴികളില്‍ സമാനതകളില്ലാത്ത മറ്റൊരു മുന്നേറ്റത്തിനു കൂടി കേരളം സാക്ഷിയാകുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്ന 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പെയ്ന് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30ന് പാലക്കാട് തൃത്താലയില്‍ ഡോ.കെ.ബി മേനോന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍റെ സംസഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോള്‍ അധ്യക്ഷത വഹിക്കും.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുന്നതും ലക്ഷ്യമിട്ട് സംസ്ഥാനത്തെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നിനും ഡിസംബര്‍ പത്തിനും ഇടയ്ക്കുള്ള അവധി ദിനങ്ങളിലാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്. എല്ലാവര്‍ക്കും ഓരോ ദിവസം വീതമാണ് പരിശീലനം. ഡിസംബര്‍ പത്തോടെ 46 ലക്ഷം വനിതകള്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാക്കും.
ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ ഇതാദ്യമായിട്ടാകും 46 ലക്ഷം സ്ത്രീകള്‍ക്കായി ഒരു വിദ്യാഭ്യാസ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു എന്നതാണ് ക്യാമ്പെയ്ന്‍റെ സവിശേഷത. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ അതത് സി.ഡി.എസിനു കീഴിലുള്ള വിദ്യാലയങ്ങളിലാണ് പരിശീലനത്തിനായി എത്തുക. ഓരോ ക്ളാസിലും പങ്കെടുക്കുന്ന അയല്‍ക്കൂട്ട അംഗങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അന്തിമപട്ടിക തയ്യാറായി. ക്യാമ്പെയ്ന്‍ തുടങ്ങുന്ന മുറയ്ക്ക് ഓരോ ദിവസവും പരിശീലനത്തിനെത്തുന്നവരുടെ പേര് വിവരങ്ങള്‍ അതത് ക്ളാസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകള്‍ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക.
ക്യാമ്പെയ്ന്‍റെ ഫലപ്രദമായ നടത്തിപ്പിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും അന്തിഘട്ടത്തിലാണ്. പരിശീലനത്തിനെത്തുന്നവര്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന കൈപ്പുസ്തകത്തിന്‍റെ വിതരണം എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. 19470 ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍, 1070 സി.ഡി.എസുകള്‍, അധ്യാപകരായി എത്തുന്ന 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ സ്നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും ക്യാമ്പെയ്നില്‍ സജീവമാണ്. ഇതോടൊപ്പം സംസ്ഥാന മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഓരോ ജില്ലയുടെയും ചുമതല വീതിച്ചു നല്‍കിയിട്ടുണ്ട്. ഇവര്‍ ക്യാമ്പെയ്ന്‍ നടക്കുന്ന ദിവസങ്ങളില്‍ സ്കൂളുകളില്‍ നേരിട്ടെത്തി പരിശീലന പരിപാടികളുടെ നടത്തിപ്പ് നിരീക്ഷിക്കും. കൂടാതെ കുടുംബശ്രീ നല്‍കിയ മാര്‍ഗനിര്‍ദേശ പ്രകാരം പരിശീലന പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പിനു വേണ്ട പിന്തുണകളും ലഭ്യമാക്കും. ഇതിന് അതത് ജില്ലയുടെയും സി.ഡി.എസിന്‍റെയും സഹകരണവും ഉണ്ടാകും. പ്രാദേശികമായി ജനപ്രതിനിധികളുടെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ പരിശീലനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും ഏര്‍പ്പെടുത്തും.
ഓരോ ബാച്ചിന്‍റെയും പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനമിഷനില്‍ ലഭ്യമാക്കുന്നതിനും നിര്‍ദേശമുണ്ട്. ക്യാമ്പെയ്ന്‍റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജില്ലാമിഷന്‍ ജീവനക്കാര്‍, ജില്ലാ ബ്ളോക്ക് സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഉദ്ഘാടന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര മുഖ്യാതിഥി ആയിരിക്കും.
- 104 views