കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് 33.6 കോടി സബ്സിഡി അനുവദിച്ചു - 1198 ജനകീയ ഹോട്ടലുകളിലെ 5043 സംരംഭകര്‍ക്ക് നേട്ടം

Posted on Monday, November 20, 2023
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തര(സ.ഉ.(സാധാ) നം. 2260/2023/ ത.സ്വ.ഭ.വ 17-11-2023)വായി. കേരളമൊട്ടാകെ പ്രവര്‍ത്തിക്കുന്ന 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇത് ഏറെ ആശ്വാസമാകും. 2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റുവരെയുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയിലാണ് ഇപ്പോള്‍ 33.6 കോടി രൂപ അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയില്‍ നിന്നാണിത്.

 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകള്‍. നിര്‍ദ്ധനര്‍,  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, അഗതികള്‍,  കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ സംരംഭമാതൃകയില്‍ പദ്ധതി നടപ്പാക്കുകയായിരുന്നു.  ഊണിന് ഇരുപത് രൂപയും പാഴ്സലിന് ഇരുപത്തിയഞ്ച് രൂപയും എന്ന നിരക്കിലാണ് ജനകീയ ഹോട്ടലുകളില്‍ ഊണ് നല്‍കിയിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഊണൊന്നിന് പത്തു രൂപ നിരക്കില്‍ സംരംഭകര്‍ക്ക് സബ്സിഡിയും നല്‍കിയിരുന്നു.

കോവിഡ് ഭീഷണി ഇല്ലാതാവുകയും സാമൂഹിക ജീവിതം കോവിഡ് കാലത്തിനു മുമ്പുളള നിലയിലേക്ക് മാറുകയും ചെയ്തതോടെയാണ്  സബ്സിഡി നിര്‍ത്തലാക്കിയത്. പകരം സംരംഭകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ ജില്ലാ ആസൂത്രണ സമിതിയുടെ നിര്‍ദേശ പ്രകാരം ഓരോ ജില്ലയിലും ഊണൊന്നിന് മുപ്പതു മുതല്‍ നാല്‍പ്പത് രൂപ വരെ വില നിശ്ചയിച്ചിട്ടുണ്ട്.  നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി വഴി 5043 വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നുണ്ട്.
 
 
Content highlight
33.6 crore subsidy allotted for kudumbashree janakeeya hotels