സ്വപ്ന സാഫല്യം - രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച് കുടുംബശ്രീ വനിതാ സംഘം

Posted on Wednesday, April 5, 2023

ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം നടത്തി സ്വപ്ന സാഫല്യം കൈവരിച്ചിരിക്കുകയാണ് 15 കുടുംബശ്രീ അംഗങ്ങള്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഉദ്യാന്‍ ഉത്സവ് 2023ന്റെ ഭാഗമായി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ചു, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സ്വയം സഹായ സംഘാംഗങ്ങളോട് സംവദിച്ചു. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയത്തായിരുന്നു സന്ദര്‍ശനം.

  രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ദേശീയ ഗ്രാമീണ ഉപജീന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങളിലെ പട്ടികവര്‍ഗ്ഗ - പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കാണ് ഈ സന്ദര്‍ശനത്തിന് അവസരം നല്‍കിയത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങളായ വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മറ്റ് 13 ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും മൂന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരുമടക്കമുള്ള സംഘം മാര്‍ച്ച് 30നാണ് ഡല്‍ഹിയിലെത്തിയത്.

  കുടുംബശ്രീയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നേതൃത്വ സ്ഥാനത്തുള്ളവരെയാണ് 14 ജില്ലകളില്‍ നിന്ന്  തെരഞ്ഞെടുത്തത്. മാതൃകാ സി. ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, പ്രത്യേക ദുര്‍ബ്ബല ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ലീഡര്‍മാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

   സുനിത കോനേരിയോ (കാസര്‍ഗോഡ്), ധന്യ പി.എന്‍ (കണ്ണൂര്‍), സിനി വിജയന്‍, നിഷ. കെ (ഇരുവരും വയനാട്), അനിത ബാബു (പാലക്കാട്), മിനി സുജേഷ് (മലപ്പുറം),  ശ്രീന. വി ( കോഴിക്കോട് ), രമ്യ. സി (തൃശ്ശൂര്‍), ഗിരിജ ഷാജി (എറണാകുളം), റോസമ്മ ഫ്രാന്‍സിസ് (ഇടുക്കി), അമ്പിളി സജീവന്‍ (കോട്ടയം), പ്രസന്ന ഷാജി (ആലപ്പുഴ),  ഗീത പി.കെ (പത്തനംതിട്ട),  റസിയ അയ്യപ്പന്‍ (കൊല്ലം), വിദ്യാദേവി വി.ടി (തിരുവനന്തപുരം), പ്രഭാകരന്‍. എം (കുടുംബശ്രീ സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍), ശാരിക. എസ് (കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജര്‍), സുധീഷ് കുമാര്‍. വി (യങ്ങ് പ്രൊഫഷണല്‍, അട്ടപ്പാടി പ്രത്യേക പദ്ധതി) എന്നിവരുള്‍പ്പെട്ടതാണ്  സംഘം. ഏപ്രില്‍ ഒന്നിന് നാട്ടില്‍ തിരികെയെത്തി.
 
rshtr

 

 
Content highlight
15 Kudumbashree NHG members visited Rashtrapati Bhavan