സപ്ലൈക്കോ ഓണംകിറ്റിലേക്ക് അട്ടപ്പാടിയിലെ സംരംഭകരുടെ ഉത്പന്നങ്ങളും

Posted on Monday, August 16, 2021

സപ്ലൈകോയുടെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താന്‍ അട്ടപ്പാടിയിലെ കുടുംബശ്രീ സംരംഭകരുടെ വിഭവങ്ങളും. ചിപ്‌സ്, ശര്‍ക്കരവരട്ടി എന്നിവയുടെ 60,000 പായ്ക്കറ്റുകളാണ് രുശിക്കൊണ്ടാട്ട, നവരസ, മല്ലീശ്വര, ശ്രീനന്ദനം എന്നീ നാല് സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ ചേര്‍ത്ത് തയാറാക്കി നല്‍കുക. 16 ആദിവാസി വനിതകളാണ് ഈ നാല് യൂണിറ്റിലുമായുള്ളത്. ഹില്‍ വാല്യു എന്ന ബ്രാന്‍ഡിലാകും ശര്‍ക്കരവരട്ടിയും ചിപ്‌സും സ്‌പ്ലൈക്കോയ്ക്ക് നല്‍കുക. കുടുംബശ്രീയുടെ അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ നാല് യൂണിറ്റുകളും സ്ഥാപിച്ചത്. വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി ഹില്‍ വാല്യു എന്ന ബ്രാന്‍ഡില്‍ ഇവര്‍ വിപണനം നടത്തിവരികാണ്.

  കുടുംബശ്രീയുടെ കൃഷി സംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്- ജെ.എല്‍.ജി) ഉത്പാദിപ്പിച്ച 24 ടണ്‍ പച്ചക്കായ ശര്‍ക്കരവരട്ടി, ചിപ്‌സ് എന്നിവ തയാറാക്കുന്നതിനായി ഇവര്‍ ശേഖരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകാനും ഇതോടെ കഴിഞ്ഞു. 105 സംഘകൃഷി സംഘങ്ങളിലായി 4325 ആദിവാസി വനിതകളാണ് അട്ടപ്പാടിയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.റാഗി, ചാമ, തിന, വരഗ്, ചോളം, കമ്പ് തുടങ്ങി അട്ടപ്പാടിയിലെ ആദിവാസി വനിതാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഹില്‍ വാല്യു എന്ന ബ്രാന്‍ഡില്‍ കുടുംബശ്രീ ബസാര്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും വില്‍ക്കുന്നുണ്ട്. കാപ്പിപ്പൊടി, കുരുമുളക്, തേന്‍, എള്ള്, മുളക് പൊടി, അച്ചാര്‍, ഏലം, ഗ്രാമ്പു തുടങ്ങിയ നിരവധി ഉത്പന്നങ്ങളും ഹില്‍ വാല്യു ബ്രാന്‍ഡില്‍ ഇവര്‍ വില്‍ക്കുന്നു.

  ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ (ഐഐടിഎഫ്), കേരള നിയമസഭയില്‍ സംഘടിപ്പിച്ച ട്രൈബല്‍ മേള, സരസ് മേള തുടങ്ങിയ വിവിധ വിപണന മേളകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി സംരംഭകരെ കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലെ കുംബശ്രീ സംരംഭകരും സപ്ലൈകോ ഓണക്കിറ്റിലേക്ക് വേണ്ട ചിപ്‌സും ശര്‍ക്കരവരട്ടിയും തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

 

Content highlight
to Tribal Micro Enterprise units from Attappady bags orders from Supplyco to provide sweets for the onam kitsML