കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കോര്‍പ്പറേഷനില്‍ ഫ്രഷ് ബാഗ്‌സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 94 യൂണിറ്റുകളിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ആകെ 706 കുടുംബശ്രീ അംഗങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്.
രോഗവ്യാപനം തടയേണ്ടതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് നിലവിലുള്ള തുണിസഞ്ചി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ഈ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചത്. ദിനംതോറും 35,000 മാസ്‌കുകള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കാന്‍ കഴിയും. സര്‍ജിക്കല്‍ തുണികൊണ്ടുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആദ്യദിനം 3500 മാസ്‌കുകളാണ് നിര്‍മ്മിച്ചത്.
17ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മാസ്‌ക് പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ടി.കെ. പ്രകാശന്‍, ചെയര്‍പേഴ്‌സണ്‍മാരായ ഒ. രജിത, എന്‍. ജയശീല, ടി.കെ. ഗീത, ദേശീയ നഗര ഉപജീവന ദൗത്യം (എന്‍യുഎല്‍എം) മാനേജര്‍ ടി.ജെ. ജയ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
- 23 views