സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ സമൂഹ അടുക്കളകളിൽ അന്നമൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ വനിതാ കർഷക സംഘങ്ങൾ. ജില്ലയിൽ സമൂഹ അടുക്കളയുടെ പ്രവർത്തനം ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുമ്പോൾ വനിതാ കൂട്ടായ്മയുടെ കരുത്തിൽ 1500 കിലോഗ്രാം പച്ചക്കറികളാണ് ഇതുവരെ വിതരണം ചെയ്തത്. 39,710 പേർക്ക് ഇതുവഴി ഭക്ഷണവും നൽകി.
കഴിഞ്ഞ 28 മുതലാണ് ജില്ലയിൽ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചത്. ഗ്രാമീണ മേഖലയിൽ 53ഉം നഗരമേഖലയിൽ 4 സി.ഡി.എസും ഉൾപ്പെടെ ജില്ലയിൽ ആകെ 57 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്രയും സി.ഡി.എസുകളിലായി പ്രവർത്തിക്കുന്ന 62 സമൂഹ അടുക്കളകളിലേക്ക് ഭക്ഷണമൊരുക്കാനാവശ്യമായ പച്ചക്കറികൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക അകറ്റിയത് ജില്ലയിലെ വനിതാ കർഷക സംഘങ്ങളാണ്. ഓരോ സി.ഡി.എസിലും പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികൾ വിതരണം ചെയ്യാൻ അവർ സ്വമേധയാ മുന്നോട്ടു വരികയായിരുന്നു.
നിലവിൽ 3490 സംഘക്കൃഷി ഗ്രൂപ്പുകളാണ് ജില്ലയിലുള്ളത്. ഇതിൽ 181 ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് എല്ലാ ദിവസവും ഭക്ഷണമൊരുക്കുന്നതിനാവശ്യമായ പച്ചക്കറികളുടെ സമാഹരണവും വിതരണവും നടന്നു വരുന്നത്. ഇതു പ്രകാരം പറക്കോട് ബ്ളോക്കിലെ കടമ്പനാട് പഞ്ചായത്തിലെ ഓരോ വാർഡിലുമുള്ള സംഘക്കൃഷി ഗ്രൂപ്പുകൾ വിവിധ സമൂഹ അടുക്കളകളിലേക്ക് കാർഷികോൽപന്നങ്ങൾ എത്തിക്കും. ചക്ക, മാങ്ങ, വെണ്ടയ്ക്ക, കോവയ്ക്ക, മുരിങ്ങയ്ക്ക, വഴുതനങ്ങ, ചീര, തക്കാളി, മത്തങ്ങ, ബീൻസ്, പാവയ്ക്ക, വെള്ളരിക്ക, വാഴയ്ക്ക, കുമ്പളങ്ങ, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പപ്പായ, കപ്പ, ചേന, ചേമ്പ് തുടങ്ങിയ ഗുണനിലവാരമുളള പച്ചക്കറികളും കിഴങ്ങു വർഗങ്ങളും ഉൾപ്പെട്ട കാർഷികോൽപന്നങ്ങളാണ് നിത്യവും സൗജന്യമായി എത്തിച്ചു കൊടുക്കുന്നത്. സമൂഹ അടുക്കളയിലേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും സ്പോൺസർഷിപ് വഴിയാണ് കണ്ടെത്തുന്നത്. കൂടാതെ സി.ഡി.എസുകൾക്ക് ഭക്ഷണമൊരുക്കാൻ സപ്ളൈക്കോ വഴി സബ്സിഡി നിരക്കിലും അരി ലഭ്യമാകുന്നുണ്ട്.
- 11 views