'എന്റെ തൊഴില്‍, എന്റെ അഭിമാനം' - സര്‍വേ ആദ്യമായി പൂര്‍ത്തിയാക്കി തൃശ്ശൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്

Posted on Thursday, May 12, 2022

നോളജ് എക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ' എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ മുഖേന നടത്തുന്ന ഗുണഭോക്തൃ സര്‍വേ കേരളത്തില്‍ ആദ്യമായി 100% പൂര്‍ത്തീകരിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ആയി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. 9402 കുടുംബങ്ങളിലാണ് പഞ്ചായത്തില്‍ സര്‍വേ നടത്തിയത്.

  കുടുംബശ്രീ മുഖേനയുള്ള സര്‍വേ മേയ് എട്ടിനാണ് ആരംഭിച്ചത്. മേയ് 10 വൈകുന്നേരം 5 മണിവരെ സംസ്ഥാനത്തെ 914 തദ്ദേശ സ്ഥാപനങ്ങളിലെ 16344 വാര്‍ഡുകളിലായുള്ള 31.1 ലക്ഷം കുടുംബങ്ങളില്‍ പരിശീലനം നേടിയ എ.ഡി.എസ് എന്യുമറേറ്റര്‍മാര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 20.55 ലക്ഷം ഗുണഭോക്താക്കളുടെ വിവരവും ശേഖരിച്ചു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പന ചെയ്ത 'ജാലകം' മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം.

 എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമായി കണ്ടെത്തിയ ഒരു ലക്ഷത്തിലേറെ എന്യുമറേറ്റര്‍മാര്‍ വഴിയാണ് സംസ്ഥാനത്ത് സര്‍വേ പുരോഗമിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 150 വീടുകള്‍ക്കും, നഗരപ്രദേശങ്ങളില്‍ 200 വീടുകള്‍ക്കും ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന കണക്കില്‍ ഓരോ വാര്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെയാണ് എന്യൂമറേറ്റര്‍മാരുടെ എണ്ണം. സര്‍വേയ്ക്ക് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കൂടാതെ സി.ഡി.എസ്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി രണ്ടായിരത്തിലേറെ കമ്യൂണിറ്റി അംബാസിഡര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സര്‍വേ ആരംഭിച്ച ആദ്യ ദിനം തന്നെ അഞ്ചു ലക്ഷത്തിലേറെ പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

Content highlight
pariyaram cds become the first cds to complete my job my pride survey