അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 39243 ലൈഫ് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം

Posted on Wednesday, March 4, 2020

 * വേതനമായി പി.എം.എ.വൈ(നഗരം)-ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത് 45 കോടി രൂപ

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയായ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിക്കൊപ്പം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 45 കോടി രൂപയുടെ അധിക ധനസഹായം ലഭ്യമാക്കി. ഇത്രയും തൊഴിലുറപ്പ് വേതനം നല്‍കിയതു വഴി 39243 പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.  

2018 ജൂലൈയിലാണ് ഇരുപദ്ധതികളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചത്. ഇതുപ്രകാരം ഇതു വരെ ഗുണഭോക്താക്കളായ 67463 പേര്‍ക്ക് തൊഴില്‍ കാര്‍ഡും അതോടൊപ്പം 16,63,120 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കുന്നതിന് സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കോഴിക്കോട് നഗരസഭയാണ്. 67284 തൊഴില്‍ദിനങ്ങളാണ് നഗരസഭ ലഭ്യമാക്കിയത്. 65340 തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊടുങ്ങല്ലൂര്‍ നഗരസഭയാണ് രണ്ടാമത്. കൊല്ലം നഗരസഭ 63646 തൊഴില്‍ദിനങ്ങള്‍ നല്‍കി സംസ്ഥാനത്ത് മൂന്നാമതായി.

നഗരങ്ങളിലെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിക്കുമ്പോള്‍ തൊഴില്‍ കാര്‍ഡ് ലഭ്യമായ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭവന നിര്‍മാണത്തില്‍ പങ്കാളിയായി 90 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്.  ഇതനുസരിച്ച് ഒരാള്‍ക്ക് കൂലിയിനത്തില്‍ പ്രതിദിനം 271 വീതം ലഭ്യമാകും. ഇങ്ങനെ 90 ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി ഒരു ഗുണഭോക്താവിന് 24390 രൂപ ലഭിക്കും. ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനായി ലഭിക്കുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമേയാണിത്.  

ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്. കേരള സര്‍ക്കാരിന്‍റെ നഗര കേന്ദ്രീകൃത തൊഴിലുറപ്പ് പദ്ധതിയാണ് അയ്യങ്കാളി പദ്ധതി. നഗരപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുളള പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് ഈ സംയോജന പദ്ധതി വഴി തൊഴില്‍ ദിനങ്ങള്‍  ഉറപ്പു നല്‍കുന്നുണ്ട്. 

Content highlight
ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്.