'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയുമായി തൃശ്ശൂര്‍ ജില്ലാ ടീം

Posted on Wednesday, July 28, 2021

കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ ടീമിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ 'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയ്ക്ക് തുടക്കമായി. പരമ്പരാഗത അറിവുകളും ഭക്ഷണ രീതികളും പാചകക്കുറിപ്പുകളും ആയുര്‍വേദവിധികളും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും ഉള്‍ക്കൊള്ളുന്ന 'അമൃതം കര്‍ക്കിടകം' കൈപ്പുസ്തകവും പുറത്തിറക്കി. റവന്യൂ മന്ത്രി കെ. രാജന്‍, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 22ന് കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമേളയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

  ജൂലൈ 22 മുതല്‍ 30 വരെ കളക്ടറേറ്റ് ബാര്‍ അസോസിയേഷന് ഹാളിന് സമീപം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ്  പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള നടത്തുന്നത്. വിവിധതരം ഔഷധക്കഞ്ഞികളും പത്തില കറികളും മേളയില്‍ ലഭിക്കും. കൂടാതെ ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുണ്ടയും പാഴ്‌സലായി മേളയില്‍ ലഭിക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളായി അമൃതം കര്‍ക്കിടകം എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലാ ടീം പഞ്ചായത്തുകളില്‍ പരമ്പരാഗത ഭക്ഷ്യമേള സംഘടിപ്പിച്ചുവന്നിരുന്നു.  

amritham


 
  തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ്.സി, ഐഫ്രം സി.ഇ.ഒ അജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ കര്‍ക്കിടക മാസത്തില്‍ പാകം ചെയ്ത് കഴിക്കാന്‍ ഏവര്‍ക്കും സഹായകമാകുന്ന പുസ്തകമാണ് അമൃതം കര്‍ക്കിടകം. കുടുംബശ്രീയുടെ യുവശ്രീ സംരംഭ ഗ്രൂപ്പായ ഐഫ്രത്തിന്റെയും (AIFRHM- Adebha- Athidhi Devo Bhava- Institute of Food Research and Hospitality Management) ഡോ. കെ.എസ്. രജിതന്റെയും നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്.

 

Content highlight
to Kudumbashree Thrissur District Mission organizes 'Amrutham Karkkidakam' Ethnic Food Festml