കാസര്‍ഗോഡിന്റെ 'ഹോമര്‍'വാതില്‍പ്പടി സേവനം

Posted on Tuesday, June 22, 2021

കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ലോക്ഡൗണും അത് മൂലമുള്ള ബുദ്ധിമുട്ടുകളും കൊണ്ട് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം 'ഹോമര്‍' വാതില്‍പ്പടി സേവനം ആരംഭിച്ചു.  ഗുണഭോക്താക്കള്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളിലെത്തിച്ച് നല്‍കുന്ന ഈ പദ്ധതിയിലൂടെ ഒരു സംരംഭ സാധ്യതകൂടിയാണ് ജില്ലാ ടീം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് തുറന്നേകിയിരിക്കുന്നത്.

  കാസര്‍ഗോഡ് ജില്ലയിലെ മംഗല്‍പ്പാടി, ചെറുവത്തൂര്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നീ നാല് സ്ഥലങ്ങളിലാണ് തുടക്കത്തില്‍ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ നാല് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലുമുള്ള ഇരുചക്ര വാഹനമോ ഓട്ടോയോ ഉള്ള രണ്ട് അയല്‍ക്കൂട്ടാംഗങ്ങളെ വീതം തെരഞ്ഞെടുത്ത് അവരുടെ മൊബൈല്‍ നമ്പരുകള്‍ സംഘടനാ സംവിധാനം വഴി എല്ലാ വീടുകളിലേക്കും എത്തിച്ച് നല്‍കിയാണ് ഹോമര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ നമ്പരുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്സ്ആപ്പ് മുഖേന അയച്ചു നല്‍കാം. ഇത് അനുസരിച്ച് സാധനങ്ങളും മരുന്നുകളും കടകളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.  ഏറ്റവും കുറഞ്ഞത് 500 രൂപയുടെയെങ്കിലും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. കൂടാതെ ഡെലിവറി ചാര്‍ജ്ജും ഈടാക്കും. 5 കിലോമീറ്ററിനുള്ളിലാണ് ഡെലിവറി നടത്തുക. 2 കിലോമീറ്റര്‍ പരിധി വരെ 40 രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്. 2 കിലോമീറ്റര്‍ മുതല്‍ 4 കിലോമീറ്റര്‍ വരെ 50 രൂപയും 4 മുതല്‍ 5 കിലോമീറ്റര്‍ വരെ 60 രൂപയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.


  ഈ ഓര്‍ഡറുകളില്‍ നിന്ന് ലഭിക്കുന്ന കമ്മീഷനിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിലുപരിയായി മികച്ചൊരു സേവനമാണ് സംരംഭ മാതൃകയിലുള്ള 'ഹോമര്‍' എന്ന ഈ പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലാ ടീം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. ആരംഭിച്ച് ആദ്യ രണ്ടു ദിവസങ്ങള്‍ കൊണ്ട് തന്നെ പദ്ധതി വിജയത്തിലേക്കെത്തുന്നുവെന്ന സൂചനയാണ് ലഭിച്ചത്. ആദ്യ ദിവസം ഒമ്പത് ഓര്‍ഡറുകള്‍ ലഭിച്ചു, 5850 രൂപയുടെ ഓര്‍ഡര്‍. രണ്ടാം ദിനം 11 ഓര്‍ഡറുകളും (7300 രൂപ). വിജയസാധ്യത പരിശോധിച്ച് കൂടുതല്‍ ഇടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കാസര്‍ഗോഡ് ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്.

homer

 

Content highlight
Kudumbashree Kasaragod District Mission launches 'Homer' Home Delivery Service mlm