ആറളത്ത് നിന്നും 'ആദി കുടകള്‍'

Posted on Monday, June 21, 2021

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ 'ആദി കുടകള്‍' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിയിരിക്കുന്നു. 28 ആദിവാസി വനിതകളാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. 21 ഇനം കുടകള്‍ 'ആദി കുടകള്‍' എന്നപേരില്‍ കുടുംബശ്രീ ശൃംഖലയിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രിന്റ് കുടയ്ക്ക് 345 രൂപയും ത്രീ ഫോള്‍ഡ് കറുത്ത കുടയ്ക്ക് 325 രൂപയും കളര്‍ കുടയ്ക്ക് 335 രൂപയുമാണ് വില.

  ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ 28 ആദിവാസി വനിതകള്‍ക്ക് കണ്ണൂര്‍ ജില്ലാ ടീമിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയായിരുന്നു. കുടനിര്‍മ്മാണ കിറ്റുകളും നല്‍കി. തുടര്‍ന്ന് ഇവരുടെ രണ്ട് സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ സി.ഡി.എസില്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 5000 കുടകള്‍ വിപണിയിലിറക്കുകയെന്ന ചെറിയ ലക്ഷ്യമാണ് ഈ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

  കുട നിര്‍മ്മാണത്തിന് പൊതുവായി പിന്തുടരുന്ന അതേ രീതിയില്‍ തന്നെയാണ് നിള, ലോട്ടസ് എന്നീ രണ്ട് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. കുട തയാറാക്കുന്നതിനുള്ള കുടനിര്‍മ്മാണ കിറ്റ് വിപണിയില്‍ നിന്ന് വാങ്ങി വീടുകളിലിരുന്ന് കുടകള്‍ തയാറാക്കി വിപണിയിലേക്ക് എത്തിക്കുന്ന രീതിയാണിത്.

   കൂലിവേല മാത്രം ചെയ്ത് ഉപജീവനം കണ്ടെത്തുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പഞ്ഞമാസങ്ങളില്‍ അധിക വരുമാനം ലഭ്യമാക്കി കൈത്താങ്ങേകാനാണ് ഈ സംരംഭ പ്രവര്‍ത്തനം വഴി ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്. കുട വാങ്ങാന്‍ താത്പര്യമുള്ള ഏവര്‍ക്കും 04902953006, 9645183673 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

Content highlight
Kudumbashree Kannur District team comes up with ‘Aadhi Umbrellas’ from the Tribal Resettlement Area of Aralam Farm mlm