തൃശ്ശൂര്‍ ജില്ലയിലെ തീരദേശമേഖലയിലെ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ തീരശ്രീ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ മിഷന്റെ തയ്യല്‍ ഗ്രാമമത്തിന് തുടക്കം. മേഖലയിലെ മുഴുവന്‍ കുടുംബശ്രീ വനിതകളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. എറിയാട് പഞ്ചായത്തിലെ കരിക്കുളം ജംക്ഷനില്‍ ആരംഭിച്ച സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഫെബ്രുവരി 24 ന് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.
സ്ത്രീകളെ ഉപജീവന മാര്‍ഗത്തിലേക്ക് നയിക്കുകയും അതുവഴി അവര്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്തി നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തീരശ്രീയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ മാതൃകാ ഗ്രാമമാക്കുക എന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. എറിയാട് പഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് പദ്ധതിയുടെ ആദ്യം ആരംഭിച്ചിരിക്കുന്നത്.
വാര്‍ഡിലെ 30 അംഗങ്ങള്‍ക്കും തുണിബാഗ് നിര്‍മാണമടക്കമുള്ളവയില്‍ വിദഗ്ധ പരിശീലനം നല്‍കി. കരിക്കുളം ആസ്പത്രിയ്ക്ക് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതി തുക.
ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴില്‍ വരുന്നത്. ഇവയിലെല്ലാം കൂടി 25 തീരദേശ വാര്‍ഡുകളും. മാതൃകാ ഗ്രാമത്തിന്റെ ഭാഗമായി ഓരോ വാര്‍ഡുകളിലും വ്യത്യസ്തമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തയ്യല്‍ ഗ്രാമം പോലെ അച്ചാര്‍ ഗ്രാമം, പൊടി ഗ്രാമം, പഴം-പച്ചക്കറി ഗ്രാമം, കാറ്ററിങ് ഗ്രാമം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഊന്നിയാണ് പദ്ധതി നടപ്പാക്കുക. മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെയും പ്രകടമായ കുറവ്, സമ്പാദ്യ ശീലത്തിന്റെ അഭാവം എന്നിവ ഫലപ്രദമായ ഇടപെടലുകളിലൂടെ പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി വഴി തീരശ്രീ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതിയാണ് തീരശ്രീ പദ്ധതി. തീരദേശ മേഖലയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് തീരശ്രീയുടെ കീഴില്‍ നിരവധി പദ്ധതികള്‍ രൂപം കൊള്ളുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി.ജ്യോതിഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സിദ്ദീഖ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.എ. സബാഹ്, സുഗത ശശിധരന്‍, അംബിക ശിവപ്രിയന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിനീത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം പ്രസീന റാഫി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- 11 views