ബീഹാറില്‍ കുടുംബശ്രീ പിന്തുണയോടെ 'ദീദി കി രസോയി' രണ്ടാം ഘട്ടത്തിലേക്ക്

Posted on Wednesday, July 7, 2021

കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍.ആര്‍.ഒ) സഹായത്തോടെ ബീഹാറില്‍ സ്ഥാപിച്ചുവരുന്ന ദീദി കി രസോയി ക്യാന്റീന്‍ ശൃംഖല രണ്ടാം ഘട്ടത്തിലേക്ക്. കേരളത്തിലെ 'കഫേ കുടുംബശ്രീ' മാതൃകയില്‍ ക്യാന്റീന്‍ ശൃംഖല രൂപീകരിക്കാന്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കണമെന്ന് ബീഹാര്‍ ഗ്രാമീണ ഉപജീവന ദൗത്യം (ജീവിക) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 'ദീദി കീ രസോയി' എന്ന പേരില്‍ ക്യാന്റീന്‍ ശൃംഖല രൂപപ്പെടുത്തിയെടുക്കാനുള്ള കരാറില്‍ കുടുംബശ്രീ ഒപ്പുവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ബീഹാറില്‍ നാല് 'ദീദി കി രസോയി' ക്യാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. നാല് ഇടങ്ങളിലും മികച്ച രീതിയില്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംരംഭകരെ പരിശീലിപ്പിച്ചതും ഈ ക്യാന്റീനുകള്‍ ആറ് മാസമെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തി തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് ആത്മവിശ്വാസമേകിയതും കുടുംബശ്രീ എന്‍.ആര്‍.ഒ ടീമാണ്.

  ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് 'ദീദി കി രസോയി'യുടെ രണ്ടാംഘട്ട പരിശീലനത്തിനായി ബീഹാറുമായി കുടുംബശ്രീ കരാറില്‍ ഒപ്പുവച്ചത്. ഈ രണ്ടാം ഘട്ടത്തില്‍, ഒന്നാം ഘട്ട പ്രവര്‍ത്തനം വ്യാപിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 70ഓളം ജില്ലാതല ജനറല്‍ ആശുപത്രികളില്‍ ക്യാന്റീനുകള്‍ ആരംഭിക്കാന്‍ വിവിധ സഹായങ്ങളേകാനാണ് കുടുംബശ്രീയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുകയും 2022 മാര്‍ച്ച് മാസത്തില്‍ ഈ ക്യാന്റീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി ക്യാന്റീന്‍ ശൃംഖല കൂടാതെ ഹോട്ടലുകള്‍, കഫറ്റേരിയകള്‍, കോഫി ഷോപ്പുകള്‍, കോഫി വെന്‍ഡിങ് മെഷീനുകള്‍ തുടങ്ങിയ കാറ്ററിങ് മേഖലയിലെ വിവിധ മോഡലുകളില്‍ പരിശീലനം നല്‍കാനും ബീഹാര്‍ സര്‍ക്കാര്‍ കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  ബീഹാറിലെ വൈശാലിയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലെ ക്യാന്റീന്‍ നടത്തിപ്പും കഫേ, കോഫി വെന്‍ഡിങ് മെഷീന്‍, കിയോസ്‌ക് തുടങ്ങിയ മോഡലുകളുടെ നടത്തിപ്പും പരീക്ഷണാടിസ്ഥാനത്തില്‍ ജീവികയ്ക്ക് കീഴിലുള്ള സ്വയം സഹായ സംഘാംഗങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് ആദ്യഘട്ടത്തില്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അനുയോജ്യരായ സ്ത്രീകളെ തെരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും കുറച്ച് കാലത്തേക്ക് കൂടെ നിന്ന് എല്ലാവിധ പിന്തുണയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും ചെയ്തു നല്‍കാനുമൊക്കെയായിരുന്നു കുടുംബശ്രീയോട് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് കുടുംബശ്രീ എന്‍.ആര്‍.ഒയുടെ നേതൃത്വത്തില്‍ ക്യാന്റീന്‍ നടത്തിപ്പില്‍ പരിശീലനം നല്‍കുന്ന 35 മെന്റര്‍മാരെ സജ്ജരാക്കുകയും കോവളത്തെ ഐ.എച്ച്.എം.സി.ടി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി)യുമായി അക്കാഡമിക് പരിശീലനങ്ങളേകുന്നതിനായി കരാറിലെത്തുകയും ചെയ്തു. അവരുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ യുവശ്രീ സംരംഭമായ ഐഫ്രത്തിന്റെ (AIFRHM- അദേഭാ- അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി) പങ്കാളിത്തത്തോട് കൂടി 'ദീദി കി രസോയി'യുടെ പരിശീലനങ്ങളും പിന്തുണയേകലും നല്‍കി.

 

Content highlight
'Didi ki Rasoi' to the next phase with the support of Kudumbashreeml