മികച്ച വിറ്റുവരവോടെ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി മുന്നോട്ട്
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് ശൃംഖല 13 ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ച് മുന്നേറുന്നു. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി വിപണന മേളകള്‍, സ്ഥിരവിപണന കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ മുഖേനയുള്ള വിപണനം എന്നിവയ്‌ക്കൊപ്പമാണ് ഹോം ഷോപ്പ് സംവിധാനവും ആരംഭിച്ചത്. കേരളത്തിലെ 14 ല്‍ 13 ജില്ലകളിലും ഹോംഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
ഹോംഷോപ്പ് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു മാനേജ്‌മെന്റ് ടീമാണ്. ഈ ടീമിന്റെ നേതൃത്വത്തില്‍ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച്, സംഭരിച്ച് ഹോം ഷോപ്പ് ഓണര്‍മാരിലൂടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്നു. ഈ ഒരു മാതൃകയാണ് കേരളത്തിലുടനീളം ഹോംഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ സ്വീകരിച്ചിരിക്കുന്നതും. ഒരു ജില്ലയില്‍ ഒന്നോ അതിലധികമോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം ഉണ്ടാകാം. ഓരോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ കീഴിലും അനവധി ഹോംഷോപ്പ് ഓണര്‍മാരുമുണ്ടാകും. ഹോം ഷോപ്പ് ഓണര്‍മാരുടെ ശൃംഖലയിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കി നല്‍കുന്നതിനൊപ്പം മാര്‍ക്കറ്റിങ് മേഖലയിലെ സേവനദാതാക്കളായ ഈ ഹോം ഷോപ്പ് ഓണര്‍മാര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
നിലവില്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലുമായി 19 ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമുകളാണുള്ളത്. കാസര്‍ഗോഡ്, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ട് വീതവും കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഒന്ന് വീതവും. ഈ മാനേജ്‌മെന്റുകളുടെ എല്ലാം കീഴിലായി 1861 ഹോം ഷോപ്പ് ഓണര്‍മാരുമുണ്ട്. ഇതില്‍ 602 ഹോം ഷോപ്പ് ഓണര്‍മാരുള്ള കോഴിക്കോട് ജില്ല മികച്ച പ്രവര്‍ത്തന നേട്ടമാണ് കൈവരിച്ചുവരുന്നത്. നിലവില്‍ 320 കുടുംബശ്രീ സംരംഭങ്ങളില്‍ നിന്നുള്ള 749 ഉത്പന്നങ്ങളാണ് സംസ്ഥാനമൊട്ടാകെയുള്ള ഹോം ഷോപ്പ് വിപണന ശൃംഖലയുടെ ഭാഗമായി വില്‍ക്കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലെയും പരമാവധി കുടുംബശ്രീ സംരംഭകരെയും ഹോംഷോപ്പ് സംവിധാനത്തിന്റെ ഭാഗമാക്കിക്കൊണ്ട് ഹോം ഷോപ്പ് ഓണര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
കോവിഡ് -19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പോയി വിപണനം നടത്തുന്നതിന് തടസ്സം നേരിട്ടുണ്ടെങ്കിലും ഹോം ഷോപ്പ് പദ്ധതി മികച്ച പുരോഗതി കൈവരിക്കുന്നുണ്ട്. 2021 ജനുവരിയില്‍ 91.58 ലക്ഷം രൂപ, ഫെബ്രുവരിയില്‍ 1.09 കോടി രൂപ, മാര്‍ച്ചില്‍ 90.27 ലക്ഷം രൂപ, ഏപ്രിലില്‍ 75.19 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു ഹോം ഷോപ്പ് മുഖേനയുള്ള ആകെ വിറ്റുവരവ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി വീണ്ടും ലോക്ഡൗണ്‍ നിലവില്‍ വന്ന മേയ് മാസത്തില്‍ 21.45 ലക്ഷം രൂപയുടെ വിപണനവും ഹോംഷോപ്പിലൂടെ നടന്നു.
- 432 views