വയനാടിന്റെ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പെയ്‌ന് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

Posted on Wednesday, November 23, 2022
ഗര്ഭാശയഗള - സ്തനാര്ബുദങ്ങള്ക്കെതിരേ ക്യാമ്പെയിന് സംഘടിപ്പിക്കുന്ന കുടുംബശ്രീ വയനാട് ജില്ലാ മിഷന് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്ജിന്റെ അഭിനന്ദനം. സുല്ത്താന് ബത്തേരി സ്വതന്ത്ര മൈതാനിയില് നവംബര് 17ന് ക്യാമ്പെയിന്റെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുമ്പോഴാണ് ജില്ലാ മിഷന്റെ ഈ പ്രവര്ത്തനത്തെ മന്ത്രി അഭിനന്ദിച്ചത്. ഒ ആന്ഡ് ജി സൊസൈറ്റിയുടെ സഹായത്തോടെയാണ് ക്യാമ്പെയ്ന് സംഘടിപ്പിച്ചിരിക്കുന്നത്.
 
കേരളത്തില് സ്ത്രീകളില് അര്ബുദബാധ വര്ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ക്യാമ്പെയിന് വയനാട് തുടക്കമിടുന്നത്. കുടുംബശ്രീ ജെന്ഡര് റിസോഴ്‌സ് സെന്ററുകളുടെ (ജി.ആര്.സികള്) നേതൃത്വത്തില് പരമാവധി ആളുകളിലേക്ക് ക്യാന്സര് അവബോധം എത്തിക്കുകയും രോഗപ്രതിരോധ മാര്ഗ്ഗങ്ങള് പറഞ്ഞു കൊടുക്കുകയുമാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസക്കാലം കൊണ്ട് ജില്ലയിലെ ഒരു ലക്ഷം കുടുംബശ്രീ കുടുംബങ്ങളിലും സന്ദേശം എത്തിക്കും. പ്രഗത്ഭരായ ഡോക്ടര്മാരാകും ക്ലാസ്സുകള് നയിക്കുക.
 
സുല്ത്താന് ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്‌സണ് എല്സി പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില് ഒ ആന്ഡ് ജി സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. ഓമന മധുസൂദനന് സ്വാഗതം പറഞ്ഞു. നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണ്മാരായ സാലി തോമസ്, ടോം ജോസ്, ലിഷ ടീച്ചര്, ഷാമില ജുനൈസ്, കൗണ്സിലര്മാരായ കെ.സി. യോഹന്നാന്, ആരിഫ് തുടങ്ങിയവര് ആശംസകള് നേര്ന്നു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ബാലസുബ്രഹ്‌മണ്യന്, പദ്ധതി വിശദീകരണം നടത്തി. ഡോ. ശിവകുമാര്, ഡോ. സുമ വിഷ്ണു, ഡോ. കല്പന ഡോ. ഉമ രണ്ധീര്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് ആശാ പോള് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.
 
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുല്ത്താന് ബത്തേരി അസംപ്ഷന് ജംഗ്ഷന് മുതല് സ്വതന്ത്ര മൈതാനി വരെ കുടുംബശ്രീ അംഗങ്ങളും വിനായക സ്‌കൂള് ഓഫ് നേഴ്‌സിങ്, അസംപ്ഷന് സ്‌കൂള് ഓഫ് നേഴ്‌സിങ്, സെന്റ്. മേരീസ് കോളേജ്, ഡോണ് ബോസ്‌കോ കോളേജ് എന്നീ കോളേജുകളിലെ വിദ്യാര്ത്ഥികളും പങ്കെടുത്ത ബോധവല്ക്കരണ റാലിയും സംഘടിപ്പിച്ചു.
 
 
wynd

 

 
Content highlight
Health minister congratulates kudumbashree wayanad district mission

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശക്തസാന്നിധ്യമായി കുടുംബശ്രീ

Posted on Wednesday, November 23, 2022
ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില് ന്യൂഡല്ഹിയിലെ പ്രഗതി മൈതാനിയില് നവംബര് 14 മുതല് സംഘടിപ്പിച്ചുവരുന്ന 41ാം ഇന്ത്യ ഇന്റര്നാഷണല് ട്രേഡ് ഫെയറില് (ഐ.ഐ.ടി.എഫ്) ശക്തസാന്നിധ്യമായി കുടുംബശ്രീയും.
 
ഐ.ഐ.ടി.എഫിലെ കേരള പവലിയനില് ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല് സ്റ്റാളില് 14 ജില്ലകളില് നിന്നുമുള്ള അയല്ക്കൂട്ടാംഗങ്ങളുടെ വിവിധ ഉത്പന്നങ്ങള് വിപണനം നടത്തുന്നതിനായി രണ്ട് സ്റ്റാളുകളുണ്ട്. കൂടാതെ 'വോക്കല് ഫോര് ലോക്കല്, ലോക്കല് ടു ഗ്ലോബല് (Vocal for Local, Local to global) ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്ത്തനങ്ങള്/സംരംഭ പദ്ധതികള് വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും തയാറാക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ചുള്ള ഫുഡ് കോര്ട്ടില് കുടുംബശ്രീ കഫേ യൂണിറ്റുകളുമുണ്ട് (കോഴിക്കോട് നിന്ന് കരുണ, എറണാകുളത്ത് നിന്ന് ശ്രീ വിഘ്‌നേശ്വര).
 
ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള് ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. സരസ് മേളയില് കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണുള്ളത്. പാലക്കാട്, വയനാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില് നിന്നായി മേഘ, വന്ദനം, ചാമുണ്ഡേശ്വരി, ഉഷസ്, സംഗീത, ശ്രീ ആംബല് എന്നീ യൂണിറ്റുകളാണ് സരസ് മേളയില് പങ്കെടുക്കുന്നത്. മേള 27ന് സമാപിക്കും.
 
iitf

 

Content highlight
Kudumbashree is participating in IITF

കുടുംബശ്രീ 'സമന്വയം' ക്യാമ്പെയിന് തുടക്കം

Posted on Tuesday, November 22, 2022
കുടുംബശ്രീ തയാറാക്കിയ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി രേഖകളിലെ ആവശ്യങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24ലെ വാര്ഷിക പദ്ധതിയുമായി സംയോജിപ്പിക്കാനുള്ള പ്രവര്ത്തനം സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനായി 'സമന്വയം 2022' ക്യാമ്പെയ്നുമായി കുടുംബശ്രീ.
 
ഇതിന്റെ ഭാഗമായി സി.ഡി.എസിന്റെ ചുമതലയുള്ള പരിശീലന ടീം അംഗങ്ങള്ക്ക് നവംബര് 18ന് പരിശീലനം സംഘടിപ്പിച്ചു. ഇവര് സി.ഡി.എസ് ഭരണ സമിതിക്ക് പരിശീലനം നല്കും.
മെമ്പര് സെക്രട്ടറി, പ്ലാന് ക്ലര്ക്ക്, സി.ഡി.എസ് ചെയര്പേഴ്സണ്, ഉപസമിതി കണ്വീനര്മാര്, അക്കൗണ്ടന്റ് എന്നിവര് ഒരുമിച്ചിരുന്ന് കഴിഞ്ഞവര്ഷം തയാറാക്കിയ ഗ്രാമീണ/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതികള് നാളതീകരിക്കും. 23ന് ക്യാമ്പെയ്ന് വേണ്ടി പ്രത്യേക സി.ഡി.എസ് യോഗവും 25, 26 തീയിതികളില് വാര്ഡ് മെമ്പറെ പങ്കെടുപ്പിച്ച് പ്രത്യേക എ.ഡി.എസ് പൊതുസഭയും നടത്തും.
 
നവംബര് 27ന് വര്ക്കിങ് ഗ്രൂപ്പ് അടിസ്ഥാനത്തില് 13 വിഷയങ്ങളായി തിരിഞ്ഞ് സി.ഡി.എസ് കരട് പദ്ധതികള് തയാറാക്കും. ഇപ്രകാരം ക്യാമ്പെയ്ന് പ്രവര്ത്തനങ്ങള് മുന്നോട്ട് പോകും.
 
ds

 

Content highlight
samanyam campigan starts

'മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരി' കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു

Posted on Monday, November 21, 2022

'ലഹരിവിമുക്ത കേരള'ത്തിനായി കുടുംബശ്രീ  സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ആവേശകരമായ ഗോള്‍ ചലഞ്ച്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഗോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനമിഷനിലെ എല്ലാ ജീവനക്കാരും 19ന് നടന്ന
ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. 

 'മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി 19,20  തീയതികളിലായാണ്‌ ഗോള്‍  ചലഞ്ച്. സംസ്ഥാനത്തെ മിക്ക അയല്‍ക്കൂട്ടങ്ങളിലും ഗോള്‍ ചലഞ്ചിന്‍റെ ആവേശം പ്രകടമായിരുന്നു. മിക്കയിടത്തും അയല്‍ക്കൂട്ട വനിതകളുടെ കുടുംബാംഗങ്ങള്‍ കൂടി ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നു എന്നതും ആവേശമുണര്‍ത്തി. പതിനാല് ജില്ലാ മിഷന്‍ ഓഫീസുകളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. 

ഓരോ അയല്‍ക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഗോള്‍ ചലഞ്ചിന്‍റെ മേല്‍നോട്ട ചുമതല.    

gl

 

Content highlight
Kudumbashree state mission conducted Goal challenge

ദേശീയ ശിൽപ്പശാല പ്രതിനിധികളുടെ രുചി മുകുളങ്ങളെ ഹരം പിടിപ്പിച്ച് 'കുടുംബശ്രീ' സംരംഭകർ!

Posted on Thursday, November 17, 2022
9 കുടുംബശ്രീ യൂണിറ്റുകൾ, പാചക സഹായത്തിനായി 100 ലേറെ പേർ, മേൽനോട്ടത്തിന് 20 ഐഫ്രം (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ റിസേർച്ച് ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്) പരിശീലകർ, എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിന് സമീപമുള്ള അകപ്പറമ്പിലെ മാർ അത്തനേഷ്യസ് ജൂബിലി മെമ്മോറിയൽ ഹാളിൽ പാചക പൊടിപൂരമായിരുന്നു.
 
നവംബര്‍ 14, 15, 16 തീയതികളിലായി സിയാലിൽ സംഘടിപ്പിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം ഗ്രാമ പഞ്ചായത്തുകളിൽ' എന്ന ദേശീയ ത്രിദിന ശിൽപ്പാശാലയിൽ പങ്കെടുക്കാനെത്തിയ 3000ത്തോളം പേർക്കുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കായിരുന്നു അവിടെ.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് അവരുടെ രുചിക്കും താത്പര്യത്തിനും അനുസരിച്ച്‌ 'നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ' ഭക്ഷണ വിഭവങ്ങൾ അടങ്ങുന്ന മെനു അടിസ്ഥാനമാക്കിയാണ് ഇവിടെ പാചകം.
 
ദേശീയ ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ അഞ്ച് നേരങ്ങളിലായി ആകെ 13,000 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ നിന്ന് തയാറാക്കി നൽകിയത്. ഇന്ന് നാല് നേരങ്ങളിലായി ആകെ 10,000 പേർക്കുള്ള ഭക്ഷണവും തയാറാക്കി നൽകി.
 
പാകം ചെയ്ത ഭക്ഷണം പായ്ക്ക് ചെയ്ത് മൂന്ന് വണ്ടികളിലാക്കി വേദിയിലേക്ക് എത്തിക്കുന്നു. ഭക്ഷണം സർവീസ് ചെയ്യുന്നതിനായി ഐഫ്രം പരിശീലനം നൽകിയ 85 കുടുംബശ്രീ അംഗങ്ങൾ സിയാലിലുണ്ടായിരുന്നു.
 
പനീർ ബട്ടർ മസാല, പുലാവ്, ദാൽ, വെജ് ജെൽഫ്രൈസ്, ആലൂ മട്ടർ, ഗ്രീൻ സാലഡ് എന്നീ വിഭവങ്ങൾക്കൊപ്പം ചിക്കൻ റോസ്റ്റ്, മീൻ കറി, ഫിഷ് ഫ്രൈ, മട്ടൺ റോസ്റ്റ്, പാലട, പരിപ്പ് പായസങ്ങൾ , ഉൾപ്പെടെയുള്ള നാടൻ സദ്യയായിരുന്നു ഉച്ചയ്ക്ക് തയാറാക്കി നൽകിയത്. ചിക്കൻ ചെട്ടിനാടും ദാൽ മഖനിയും കേരള പൊറോട്ടയും കപ്പയും ചമ്മന്തിയും കടായ് വെജ് കറിയും ട്രൈബൽ സ്പെഷ്യൽ വനസുന്ദരി ചിക്കനും ഉൾപ്പെടെയുള്ള വിഭവങ്ങളായിരുന്നു രണ്ടാം ദിനത്തെ ആകർഷണം. കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷണത്തിന് ഏവരും 100ൽ 100 മാർക്കും നൽകുന്നു..
 
കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലയിലെ ഒരു യൂണിറ്റും (ബ്രിട്ടാന), എറണാകുളം ജില്ലയിലെ മൂന്ന് യൂണിറ്റുകളും ( സമൃദ്ധി, യുവശ്രീ, ബിസ്മി), കോഴിക്കോട് ജില്ലയിലെ രണ്ട് യൂണിറ്റുകളും (ശ്രേയസ്, സൗപർണ്ണിക) തൃശ്ശൂർ, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ഒരോ യൂണിറ്റ് വീതവുമാണ് (ശ്രീമുരുഗ, കഫെ, ട്രൈബൽ) ഈ കാറ്ററിങ് പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
 
 
national

 

Content highlight
kudumbashree cafe units won the hearts of delegates of National workshop through lip smacking delicacies

സംസ്ഥാന ബഡ്‌സ് ഫെസ്റ്റ്‌'തകധിമി'യിൽ തിടമ്പേറ്റി തൃശ്ശൂർ

Posted on Thursday, November 17, 2022

നവംബര്‍ 13, 14 തീയതികളിലായി എറണാകുളം കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവം 'തകധിമി'യിൽ ഓവറോൾ ചാമ്പ്യൻ പട്ടം തൃശ്ശൂർ ജില്ലയ്ക്ക് സ്വന്തം. 23 പോയിന്റാണ് തൃശ്ശൂർ സ്വന്തമാക്കിയത്.

ഭിന്നശേഷിക്കാരായ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തിയ ഈ കലാവസന്തത്തിൽ 15 ഇനങ്ങളിലായി മാറ്റുരച്ചത് 300ലേറെ കുട്ടികളാണ്. രണ്ടാം സ്ഥാനത്തെത്തിയ ആതിഥേയരായ എറണാകുളം നേടിയത് 21 പോയിന്റും. 19 പോയിന്റ് നേടിയ വയനാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
 
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്, മുഖ്യാതിഥിയും സുപ്രസിദ്ധ സിനിമാതാരവുമായ റിമ കല്ലിങ്കൽ, കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ കൃഷ്ണപ്രിയ, കുടുംബശ്രീ പ്രോ​ഗ്രാം ഓഫീസർ പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
 
തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി ബഡ്സ് സ്കൂളിലെ അനീഷ് എ.സി കലാപ്രതിഭയായി. ബഡ്സ് കലോത്സവ ലോഗോ തയ്യാറാക്കിയ ശ്രീലക്ഷ്മി, തകധിമി എന്ന പേരു നിർദ്ദേശിച്ച ഡാനി വർഗീസ്, ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ മാസ്റ്റർ നയൻ എന്നിവർക്ക് റിമാ കല്ലിങ്കൽ ഉപഹാരം നൽകി.
 
സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു. കളമശ്ശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, കൗൺസിലർ സംഗീത രാജേഷ്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രീതി. എം.ബി നന്ദി രേഖപ്പെടുത്തി.
 
 
tcr

 

Content highlight
Thrissur district bags overall champions trophy at State buds fest