കുടുംബശ്രീ ദേശീയ സരസ് മേള പാലക്കാട്ട് മാര്‍ച്ച് 29 മുതല്‍

Posted on Thursday, March 29, 2018

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ എഴു വരെ പാലക്കാട് ജില്ലയിലെ പട്ടാമ്പി മാര്‍ക്കറ്റിന് സമീപമുള്ള മൈതാനിയില്‍ 'സരസ്' -ഉല്‍പന്ന-പ്രദര്‍ശന-വിപണ നമേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 വൈകിട്ട് നാലു മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  ഡോ. കെ.ടി ജലീല്‍ സരസ് മേള ഉദ്ഘാടനം ചെയ്യും. saras mela logo

    'ഗ്രാമീണ ഉല്‍പന്നങ്ങള്‍ മുഴുവന്‍ ഒരു കുടക്കീഴില്‍' എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. ഗ്രാമീണമേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, പരമ്പരാഗത കൈത്തൊഴിലുക ളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് സ്ഥിരവരുമാനലഭ്യതയും ജീവിതപുരോഗതിയുമാണ് സരസ് ഉല്‍പന്ന-പ്രദര്‍ശന-വിപണനമേള വഴി ലക്ഷ്യമിടുന്നത്.  ഗ്രാമീണ  ഉല്‍പന്നങ്ങളെ നഗരപ്രദേശങ്ങളി ലുള്ളവര്‍ക്ക് പരിചയപ്പെടുത്തുക, ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയും സ്വീകാര്യതയും നേടുക എന്നതും സരസ്മേളയുടെ ലക്ഷ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ മലപ്പുറത്തും കൊല്ലത്തും സംഘടിപ്പിച്ച സരസ് മേള ജനകീയ പങ്കാളിത്തം കൊണ്ട് വന്‍വിജയമായിരുന്നു.  ഇത്തവണ സരസ്മേളയില്‍ നിന്നും ആറു കോടി രൂപയുടെ വിറ്റുവരവാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

   അയല്‍ക്കൂട്ട-സ്വയംസഹായ അംഗങ്ങള്‍/സംരംഭകര്‍ എന്നിവര്‍ക്ക് തങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്ന ങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്താന്‍ സരസ് മേള വേദിയൊരുക്കുന്നു എന്നതാണ് സരസ് മേളയുടെ നേട്ടം. ഇങ്ങനെ നേരിട്ടുള്ള വില്‍പന കൂടാതെ ബാഹ്യവിപണികളുമായി ആരോഗ്യകരമായ രീതിയില്‍ പുതിയ വ്യാപാരബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കുന്നതിനുള്ള പുതിയ അവസരങ്ങളൊരുക്കുന്നതിനും സരസ്മേള സഹായകരമാകുന്നു. ഇതിലൂടെ സംരംഭകര്‍ക്ക് കൂടുതല്‍ വരുമാനലഭ്യതയും ജീവിതാഭിവൃദ്ധിയും നേടുന്നതിനും  അവര്‍ക്ക് വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിലും സരസ്മേള വലിയ പങ്കു വഹിക്കുന്നു.

    കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 250 സ്റ്റാളുകള്‍ സരസ് മേളയിലുണ്ടാകും. ഇതില്‍ നൂറോളം സ്റ്റാളുകള്‍ ഇതരസംസ്ഥാനങ്ങള്‍ക്കുള്ളതാണ്. കൂടാതെ കേരളത്തില്‍ നിന്നുള്ള സംരംഭകരുടെ 75 സ്റ്റാളുകളും ഗ്രാമവികസന വകുപ്പിന്‍റെ കീഴിലുളള സംരംഭകരുടെ നാല്‍പതോളം സ്റ്റാളുകളും ഉണ്ട്. ഓരോ സംസ്ഥാനത്തിന്‍റെയും സംസ്കാരവും തനിമയും വ്യക്തമാക്കുന്ന കരകൗ ശല വസ്തുക്കള്‍, കലാരൂപങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തനതു പൗരാണിക ഭംഗി പ്രകടിപ്പിക്കുന്ന ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളുടെ വമ്പിച്ച ശ്രേണി പ്രദര്‍ശന ത്തിനും വിപണനത്തിനുമായി  മേളയില്‍ അണിനിരക്കും. ഇതോടൊപ്പം കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ ഭക്ഷ്യോല്‍പന്നങ്ങളും മേളയില്‍ ഉണ്ടാകും. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ പവിലിയനും ഫുഡ്കോര്‍ട്ടുമാണ് മേളയുടെ പ്രധാന ആകര്‍ഷണം.  70000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പവിലിയന്‍റെ  ക്രമീകരണം. ഉല്‍പന്ന പ്രദര്‍ശന വിപണനം നടത്തുന്ന സ്റ്റാളുകള്‍ക്കൊപ്പം 22 സ്റ്റാളുകള്‍ അണിനിരക്കുന്ന ഫുഡ്കോര്‍ട്ട്


സരസ് മേളയില്‍ പ്രധാനമാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 13 സ്റ്റാളുകളും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുള്ള ഒമ്പതു സ്റ്റാളുകളും ഉണ്ടാകും. മേളയിലെത്തുന്നവര്‍ക്ക് ഇതരസംസ്ഥാനങ്ങളുടെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും തിരുവിതാംകൂര്‍-കൊച്ചി മലബാര്‍ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ലഭ്യമാകും. സരസ്മേളയോടുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും പവിലിയനോട് ചേര്‍ന്നുള്ള വേദിയില്‍ അരങ്ങേറും.

   പവലിയനില്‍ ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ കൂടാതെ  റിസപ്ഷന്‍, ഓഫീസ് റൂം, പോലീസ് എയ്ഡ് പോസ്റ്റ്, മെഡിക്കല്‍ റൂം,  ക്ലോക്ക് റൂം, ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ടാകും. കൂടാ തെ വിവിധ  സര്‍ക്കാര്‍ വകുപ്പുകളിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച്  പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രദര്‍ശന സ്റ്റാളുകളും ഉണ്ടാകും. മേളയില്‍ പങ്കെടുക്കുന്നവരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കായി  പോലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും മുഴുവന്‍ സമയ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വൊളണ്ടിയര്‍മാരായി കുടുംബശ്രീ വനിതകളെയും സജ്ജീകരിച്ചിട്ടുണ്ട്. മേളയിലുടനീളം ശുചിത്വം നിര്‍ബന്ധമായും നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഗ്രീന്‍പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പ്രദര്‍ശന നഗരിയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും. ഇതിന്‍റെ ഭാഗമായി സരസ് മേളയില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പൂര്‍ണമായും നിരോധിക്കും. പകരം തുണി, പേപ്പര്‍ ബാഗ് എന്നിവയാകും ഉപയോഗിക്കുക. മേള പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാക്കുന്നതിനും ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജനത്തിനും ശുചിത്വമിഷനുമായി ചേര്‍ന്ന് ഇതിനകം പ്രത്യേക കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി എട്ടു മണിവരെ യായിരിക്കും സന്ദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.