അധികാര സ്ഥാനങ്ങളില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെയും കുടുംബശ്രീയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന 'സന്നദ്ധം' പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ക്ക് ഏത് പദവിയിലും വിജയിക്കാന്‍ കഴിയും. പുരുഷന്‍ ചെയ്തു വന്നിരുന്നതായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാ പ്രതലങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് കുടുംബശ്രീ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ അധികാര സ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നു വന്നിട്ടുണ്ട്. ജാതി മത രാഷ്ട്രീയ മതില്‍ക്കെട്ടുകള്‍ക്കതീതമായി നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കു വഹിക്കാന്‍ സ്ത്രീകള്‍ക്കാകും. വര്‍ഗപരമായി നേടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സാമൂഹിക ധര്‍മം ഏതെല്ലാം വിധത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് ദുരന്തമുഖങ്ങളിലെ അതിജീവന ഉപജീവന പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ കൂട്ടായ്മ തെളിയിച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായുളള സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് കുടുംബശ്രീയുടെ പങ്കാളിത്തം ഉണ്ടാകണം. സ്ത്രീയെന്ന നിലയ്ക്ക് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി കുടുംബശ്രീയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചു നടപ്പാക്കുന്ന 'സന്നദ്ധം' പദ്ധതി സാമൂഹ്യ സേവനത്തിന്‍റ പ്രതിദ്ധ്വനിയാണമെന്നും വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിലെ ഹരിതകര്‍മസേനാംഗവും കഥാകൃത്തുമായ ധനൂജ കുമാരി എസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ റോഷ്നി ജി, എഴുത്തുകാരി ഷീല ടോമി എന്നിവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ മന്ത്രി ആദരിച്ചു.
സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിക്കെതിരേ പ്രതിരോധിക്കാന്‍ ഏറ്റവും നിര്‍ണായകശക്തിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് കഴിയുമെന്ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുരുഷന്‍മാരയും കുട്ടികളെയും നയിക്കാന്‍ കഴിയുന്നശക്തിയായി മാറിക്കൊണ്ട് നവസമൂഹ നിര്‍മിതിയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ അഭിരുചികളും സ്വപ്നങ്ങളും കൈവരിക്കാന്‍ പ്രാപ്തമാക്കേണ്ട ഉത്തരവാദിത്വവും സമൂഹത്തിനുണ്ടെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് സുപര്‍ണ ആഷ് മുഖ്യാതിഥിയായി.
നയിചേത്ന ദേശീയ ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ അഡ്വ.ടി.ജെ ഐസക് നിര്‍വഹിച്ചു.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷ്മി ആലക്കമുറ്റം, കല്‍പ്പറ്റ സിഡി.എസ് അധ്യക്ഷ ദീപ എ.വി, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 'ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍' എന്ന വിഷയത്തില്‍ സിംപോസിയം സംഘടിപ്പിച്ചു.

- 2 views