മാതൃകാപരമായ പ്രവര്‍ത്തന മികവ്: കുടുംബശ്രീ അയല്‍ക്കൂട്ട പ്രതിനിധികള്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചു

Posted on Wednesday, June 13, 2018

തിരുവനന്തപുരം: രാജ്യത്തെ മികവുറ്റ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭിച്ചു. ന്യൂഡല്‍ഹിയിലെ പുസാ എ.പി.ഷിന്‍ഡെ ഹാളില്‍ നടന്ന ചടങ്ങില്‍  കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ ഒരു ലക്ഷം രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങിയ അവാര്‍ഡ് സമ്മാനിച്ചു.  തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ സിയാദ്.എസ്, അയല്‍ക്കൂട്ട പ്രതിനിധികളായ രാധിക.ഓ, പ്രിയങ്ക.വി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രസന്ന കുമാരി, തൃശൂര്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് എം.എ,  അയല്‍ക്കൂട്ടം ഭാരാഹികളായ ഓമന ഗോപി, നജീറ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മിനി.എ.കെ എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിച്ചു.  

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ, തൃശൂര്‍ ജില്ലയിലെ കൈയ്പമംഗലം പഞ്ചായത്തിലെ ഗ്രാമലക്ഷ്മി എന്നീ അയല്‍ക്കൂട്ടങ്ങളാണ് അവാര്‍ഡ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  മറ്റ് അയല്‍ക്കൂട്ടങ്ങള്‍ക്കും മാതൃകയാകുന്ന വിധത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. അയല്‍ക്കൂട്ട യോഗങ്ങളുടെയും പങ്കെടുത്ത അംഗങ്ങളുടെയും എണ്ണം, ഓരോ അംഗത്തിന്‍റെയും ശരാശരി ഹാജര്‍, പരിശീലനം ലഭിച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം, അയല്‍ക്കൂട്ടങ്ങളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന അംഗങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ എണ്ണം, ആകെ സമ്പാദ്യം, കോര്‍പ്പസ് ഫണ്ടിന്‍റെ വിതരണം, ആന്തരിക വായ്പയുടെ എണ്ണം, ലഭിച്ച കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, കോര്‍പ്പസ് ഫണ്ട്, ലഭിച്ച ബാങ്ക് വായ്പകളുടെ എണ്ണം, ബാങ്ക് വായ്പകള്‍ കൊണ്ട് തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം, വാര്‍ഷിക വരുമാനം, അതില്‍ ഉള്‍പ്പെടുന്ന സംരംഭകരുടെ എണ്ണം, സംരംഭത്തിന്‍റെ സാധ്യത, വരുമാന ലഭ്യത, സുസ്ഥിരത, വ്യക്തിഗത സംരംഭങ്ങളുടെ എണ്ണം, രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, വ്യക്തിഗത ബാങ്ക് അക്കൗണ്ടുള്ള അംഗങ്ങളുടെ എണ്ണം, ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള അംഗങ്ങളുടെ അനുപാതം, വീടുകളില്‍ ശുചിമുറിയുള്ള അംഗങ്ങളുടെ അനുപാതം, നേതൃഗുണം എന്നിവയാണ് അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിച്ചത്.

അവാര്‍ഡു നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലെ ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ വീതം തിരഞ്ഞെടുത്ത് സംസ്ഥാനമിഷനില്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം സമര്‍പ്പിച്ച 42 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡയറക്ടര്‍ റംലത്ത് എം, പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക്  അവാര്‍ഡ് നിര്‍ണയത്തിനായി അയക്കുകയുമായിരുന്നു. ഇതില്‍ നിന്നാണ് മികച്ച രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. 

Content highlight
Kudumbashree Neighbourhood Groups receive National Awards