കുടുംബശ്രീ ദേശീയ സരസ് മേള: പോസ്റ്റര്‍ പ്രകാശനം

Posted on Wednesday, December 17, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2026 ജനുവരി രണ്ടു മുതല്‍ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇതിന്‍റെ ഭാഗമായി നാഗലശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രിയും ദേശീയ സരസ് മേളയുടെ സംഘാടക സമിതി അധ്യക്ഷനുമായ എം.ബി രാജേഷ് സരസ് മേളയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സരസ് മേളയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ഡിസംബര്‍ 19,20,21 തീയതികളില്‍ ഗൃഹസന്ദര്‍ശനവും 28ന് തൃത്താല മണ്ഡലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും. കൂടാതെ 30ന് കൂട്ടുപാത മുതല്‍ ചാലിശ്ശേരി വരെ മിനി മാരത്തോണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയില്‍ കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 250 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഇവിടെ കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ ഉണ്ടാകും.

30 സ്റ്റാളുകളുള്ള ഫുഡ്കോര്‍ട്ടില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാം. മേളയില്‍ എല്ലാ ദിവസവും കലാസാംസ്ക്കാരിക പരിപാടികളും സെമിനാറുകളും ഉണ്ടാകും. കൂടാതെ ഫ്ളവര്‍ ഷോ, അമ്യൂസ്മെന്‍റ് പാര്‍ക്ക്, പെറ്റ് ഷോ, പുസ്തക മേള എന്നിവയും ഉണ്ടാകും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സരസ് മേളയുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, കൂടാതെ ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 
 

Content highlight
kudumbashree national saras mela at thrithala ; poster released