അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ്; അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി

Posted on Monday, February 8, 2021

തിരുവനന്തപുരം: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെയും (എല്‍.ഐ.സി) കേരള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പിന്റെയും സംയുക്ത പങ്കാളിത്തത്തോടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി.  2,72,085 അയല്‍ക്കൂട്ടാംഗങ്ങള്‍ ഇതുവരെ ചേര്‍ന്നു കഴിഞ്ഞു. 18 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗ ങ്ങള്‍ക്ക് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനാകും. ഒറ്റത്തവണ പ്രീമിയമായി നല്‍കേണ്ടത് 345 രൂപയാണ്. 2021 ഫെബ്രുവരി 1 മുതല്‍ 2022 ജനുവരി 30 വരെയാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാലാവധി.

  ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും 66 മു തല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 15,000 രൂപയും 71 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ മരണപ്പെട്ടാല്‍ 10,000 രൂപയും പരിരക്ഷയായി ആശ്രിതര്‍ക്ക് ലഭിക്കും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെ വായ്പയെടുത്തവര്‍ക്ക് ജീവന്‍ഹാനി സംഭവിച്ചാല്‍ അവരുടെ വായ്പാ തുകയ്ക്കും പരിരക്ഷ ലഭിക്കും. സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പുമായി ചേര്‍ന്ന് ഈ ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ആക്‌സിഡന്റ് കവറേജു കൂടി ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

  ഇതുവരെ ജീവന്‍ ദീപം പദ്ധതിയില്‍ ചേര്‍ന്ന 2.72 ലക്ഷം പേരില്‍ 72,143 പേര്‍ എറണാകുളം ജില്ലയില്‍ നിന്നും 67,300 പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമാണ്. കൊല്ലം ജില്ലയില്‍ നിന്ന് 28,308 പേരും മലപ്പുറത്ത് നിന്ന് 21,863 പേരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

 

 

Content highlight
ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും