തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ആരംഭിക്കുന്ന കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ വഴി പ്രാദേശികവും പരമ്പരാഗതവുമായ ഉല്‍പന്നങ്ങളുടെ വിപണനവും വനിതകള്‍ക്ക് തൊഴില്‍ ലഭ്യതയും ഉറപ്പു വരുത്താന്‍ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത തൊഴില്‍മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്ത്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, മാരാരിക്കുളം, കാസര്‍കോട് ജില്ലയില്‍ പീലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനസജ്ജമായ സ്റ്റോറുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ധനമന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മൈക്രോ ഫിനാന്‍സ് കൂടാതെ സംരംഭ മേഖലയിലും സ്ത്രീകളെ ശക്തരാക്കുന്നതിന്റെ ഭാഗമായാണ് ഇതുപോലുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലാണ് കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാക്കുന്നതെന്നും മാര്‍ച്ചിനു മുമ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പനമ്പ്, കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത ഉല്‍പന്നങ്ങളെല്ലാം ഈ സ്റ്റോറുകള്‍ വഴി ലഭ്യമാകും. ഇതിലൂടെ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ വായ്പ നല്‍കുന്നതോടൊപ്പം വായ്പ തിരിച്ചടവിനു വേണ്ടി അവര്‍ക്ക് തൊഴിലും ലഭ്യമാക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ വിജിലന്റ് ഗ്രൂപ്പ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനകര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
കയര്‍മേഖലയേയും കയര്‍ ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണി സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്ന് പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ചു കൊണ്ടാകും ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍. ആകെ 500 സ്റ്റോറുകള്‍ ആരംഭിക്കുന്നതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതു കൂടാതെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 45 കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ കൂടി തുടങ്ങുന്നതിനായി സ്ഥലം കണ്ടെത്തിയതുള്‍പ്പെടെയുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
താല്‍പര്യമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്കോ സി.ഡി.എസ്, എ.ഡി.എസ് നേതൃത്വത്തിനോ കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കാം. കുടുംബശ്രീ കരകൗശല യൂണിറ്റുകള്‍ വഴി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍, മറ്റു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന അവസരങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കുടുംബശ്രീ ഹോംഷോപ്പ് സംവിധാനത്തിന്റെ സംഭരണ വിതരണ കേന്ദ്രമായും 'കയര്‍ ആന്‍ഡ് ക്രാഫ്റ്റ്' സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.
ആലപ്പുഴ നഗരസഭയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍ നഗരസഭാധ്യക്ഷ സൗമ്യ രാജിനും കാസര്‍കോട് ജില്ലയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ഉല്‍പന്നങ്ങള്‍ നല്‍കി ആദ്യവില്‍പന നടത്തി.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ്, കയര്‍ കോര്‍പ്പറേഷന്‍ എം.ഡി ജി.ശ്രീകുമാര്‍, ആലപ്പുഴ വടക്ക് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലാലി വേണു, മാരാരിക്കുളം വടക്ക് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോന്‍, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പീലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി പി.പി, ജില്ലാ പഞ്ചായത്ത് അംഗം മനു.എം, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് അംഗം സുജാത എം.വി, പീലിക്കോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ലീന എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ കൃതജ്ഞത അറിയിച്ചു.
- 115 views