ഒരൊറ്റ ക്ലിക്കില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ വീടുകളിലേക്കെത്തിക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി കുടുംബശ്രീ മുന്നോട്ട്. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംരംഭകരെ ഓണ്‍ലൈന്‍ വിപണന വഴികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാതല മാസ്റ്റര്‍ ട്രെയിനിങ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദ്വിദിന വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തിവരുന്നത്. ഓഗസ്റ്റ് 30,31 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലകളില്‍ നിന്നും മാസ്റ്റര്‍ പരിശീലകരായി തെരഞ്ഞെടുക്കപ്പെട്ട 90 പേര്‍ പങ്കെടുത്തു.
ജില്ലാ പ്രോഗ്രാം മാനേജര്‍, രണ്ട് വീതം ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരും മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരും, സംരംഭകരെ സഹായിക്കുന്നതിനുള്ള കുടുംബശ്രീ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലെ സ്റ്റാഫ് എന്നിങ്ങനെ ആറ് പേര്‍ ഉള്‍പ്പെടുന്നതാണ് ജില്ലാതല മാസ്റ്റര്‍ ട്രെയിനിങ് ഗ്രൂപ്പുകള്‍. ഇവര്‍ അതാത് ജില്ലകളില്‍ മൈക്രോ എന്റര്‍പ്രൈസ് കള്‍സള്‍ട്ടന്റുമാര്‍ക്കും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കും. ഈ പരിശീലനം നേടിയവര്‍ ഫീല്‍ഡ്തലത്തില്‍ സംരംഭകര്‍ക്കും പരിശീലനം നല്‍കും.
ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, മീഷോ, ഒ.എന്‍.ഡി.സി (ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്) കുടുംബശ്രീയുടെ പോക്കറ്റ്മാര്‍ട്ട് എന്നിവയില്‍ ഉത്പന്നങ്ങള്‍ വിപണനത്തിനായി അണിനിരത്തുന്നതിനുള്ള രീതികള്‍, കൊറിയര്‍ പാക്കേജിങ്, ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, റിട്ടേണ്‍ വരുന്ന ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യല്‍...എന്നീ വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.
പരിശീലന ഏജന്‍സിയായ ടൈം കോ, ഒ.എന്‍.ഡി.സി, ഷിപ്പ്‌റോക്കറ്റ്, പോക്കറ്റ്മാര്‍ട്ട് പ്രതിനിധികളും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.എസ്. ശ്രീകാന്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എസ്.എസ്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഷൈജു ആര്‍.എസ്, അശ്വതി. എല്‍, അഞ്ജിമ സുരേന്ദ്രന്‍ എന്നിവരും പരിശീലനം നയിച്ചു.
- 5 views
Content highlight
Training was organized to strengthen kudumbashree's online marketing activities