കുട്ടികളുടെ മാനസികാരോഗ്യത്തിനായി കണ്ണൂരിന്റെ കളിമുറ്റം

Posted on Monday, February 1, 2021

കോവിഡ്- 19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കുട്ടികളെ ഏറെ ബാധിച്ചിരിക്കുന്നുവെന്നും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നുമുള്ള ചിന്തയില്‍ ജില്ലയിലെ കുടുംബശ്രീ ബാലസഭകള്‍ മുഖേന കണ്ണൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പരിപാടിയാണ് കളിമുറ്റം. ശിശുവികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നാണ് കുട്ടികളുടെ ഈ സമഗ്ര വികസന പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, സമഗ്ര ശിക്ഷ അഭിയാന്‍, ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍വീസസ്) എന്നിവയുടെയെല്ലാം സംയോജനത്തോടെയാണ്  പദ്ധതിയുടെ നടത്തിപ്പ്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2021 ജനുവരി 28ന് നടന്നു.

  കുട്ടികളുടെ ശാരീരിക, സാമൂഹിക, മാനസികാരോഗ്യ വികസനമാണ് കളിമുറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി തെരഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ബാലസഭകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവദിക്കുകയും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ജില്ലാ മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ അവശ്യമായ സഹായം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം, സാമൂഹ്യ സേവന മനോഭാവം വളര്‍ത്തിയെടുക്കല്‍, കലാ- കായിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ലിംഗ അവബോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ ഏകോപന പദ്ധതിയിലൂടെ നടത്തും. കോവിഡ്- 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചാകും ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

 കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉത്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സാമൂഹിക- മാനസിക പിന്തുണയ്ക്കുള്ള റഫറല്‍ സംവിധാനം വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. അയല്‍ക്കൂട്ടതലം (ബാലസഭാതലം), എ.ഡി.എസ് തലം, പഞ്ചായത്ത് തലം, ജില്ലാതലം എന്നിങ്ങനെ നാല് തലങ്ങളിലായാണ് കളിമുറ്റം പരിപാടി നടത്തുന്നത്. കളിമുറ്റം മുഖേന നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.

1. പാഠ്യ പ്രവര്‍ത്തനങ്ങള്‍- കുട്ടികള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണിവ. പ്രാദേശിക ചരിത്രവിവരം തേടല്‍ (സാമൂഹ്യപാഠം), പച്ചക്കറിത്തോട്ടം ഒരുക്കല്‍, ഉദ്യാനപരിപാലനം (ബോട്ടണി), പുസ്തക ചര്‍ച്ച, കവിതാലാപനം (ഭാഷാ പഠനം), പക്ഷീ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം (സുവോളജി, ബോട്ടണി)
2. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍- കലയുമായി ബന്ധപ്പെട്ടത് (പുസ്തകങ്ങള്‍, കവിതകള്‍, സംഗീതം, കരകൗശല വസ്തു നിര്‍മ്മാണം, ഒറിഗാമി), സ്‌പോര്‍ട്‌സ്-ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ടത് (സൈക്ലിങ് ഗ്രൂപ്പുകള്‍, മാരത്തണ്‍, നടത്തം)
3. വ്യക്തിത്വ വികസനം, ലിംഗ സമത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ (ഡോക്ടര്‍ കിഡ്- കോവിഡ് പ്രതികരണത്തിനും അവബോധത്തിനും, പാചകം- ആണ്‍പെണ്‍ ഭേദമില്ലാതെ, വീട്ടുജോലികള്‍ - ആണ്‍പെണ്‍ ഭേദമില്ലാതെ, വീടും പരിസരവും വൃത്തിയാക്കല്‍- ആണ്‍പെണ്‍ ഭേദമില്ലാതെ)
4. സാമൂഹ്യസേവന മനോഭാവം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും ഇവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളും. സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം  പൊതു ഇടങ്ങള്‍, വഴികള്‍ എന്നിവയുടെ ശുചീകരണം.

Content highlight
കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉത്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സാമൂഹിക- മാനസിക പിന്തുണയ്ക്കുള്ള റഫറല്‍ സംവിധാനം വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.