കോവിഡ് പ്രതിരോധം- കുടുംബശ്രീയുടെ ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനസജ്ജം

Posted on Friday, September 18, 2020

തിരുവനന്തപുരം :  കോവിഡ്-19 രോഗം പകരാതെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായ അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്കായി കുടുംബശ്രീയുടെ പ്രത്യേക ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ പ്രവര്‍ത്തനസജ്ജമായി. 14 ജില്ലകളിലും സംരംഭ മാതൃകയിലാണ് ഈ ടീമുകള്‍ രൂപീകരിച്ചത്. ഇത്തരത്തില്‍ അണുവിമുക്തമാക്കല്‍ പ്രവ ര്‍ത്തനം നടത്തുന്നതിന് 317 കുടുംബശ്രീ അംഗങ്ങള്‍ക്ക്/കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയാണ് യൂണിറ്റുകള്‍ രൂപീകരിച്ചത്. ഇവരില്‍ 162 പേര്‍ ഹരിതകര്‍മ്മസേനാംഗങ്ങളാണ്. 44 സംരംഭ യൂണിറ്റുകളും ഇതുവരെ രജി സ്ട്രര്‍ ചെയ്തുകഴിഞ്ഞു. ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദ്ദേശിക്കുന്നത നുസരിച്ചുള്ള അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നു.

  കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്ത മാക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്ക്യു, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ അണുവിമുക്തമാക്കല്‍ പ്രക്രിയ നടന്നുവന്നിരുന്നു. എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ മേഖലയില്‍ മികച്ച പരിശീലനം നേടിയവരുടെ ആവശ്യകതയുണ്ടെന്നതിനാലാണ് കുടുംബശ്രീ മുഖേന ഇത്തരത്തിലൊരു പ്രവര്‍ത്തനം ആരംഭിച്ചത്.

  16 ലിറ്റര്‍ കൊള്ളുന്ന, തോളില്‍ ഉറപ്പിക്കാനാകുന്ന ഒരു പവര്‍ സ്പ്രേയര്‍ ഉപയോഗിച്ചു കൊണ്ടാണ് അണുവിമുക്തമാക്കല്‍ പ്രക്രിയ പ്രധാനമായും നടത്തുന്നത്. ഈ പവര്‍ സ്പ്രേയറില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന അണുനാശിനി വെള്ളത്തോ ടൊപ്പം ചേര്‍ത്ത് നിറയ്ക്കുന്നു. ഒറ്റത്തവണ കൊണ്ട് 7000 ചതുരശ്ര അടി സ്ഥലം ഇങ്ങനെ വൃത്തിയാക്കാനാകും. ഈ ലായനി സ്പ്രേ ചെയ്ത് ഒരു മണിക്കൂറിന് ശേഷം പ്രതലം വൃത്തിയാക്കുന്നു. ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വീണ്ടും ഇവിടം കഴുകി വൃത്തിയാക്കുന്നു. പിന്നീട് സാനിറ്റൈസര്‍ ഉപയോഗിച്ച് വീണ്ടും അണുവിമു ക്തമാ ക്കുന്നു. അവസാനഘട്ടത്തില്‍ പുല്‍ത്തൈലം ഉപയോഗിച്ച് ശുചിയാക്കുന്നു. ഈ മാതൃകയാണ് അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്ക് പ്രധാനമായും പിന്തുടരുന്നത്.

 കുടുംബശ്രീ സംഘങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാ സ്ത്രീയമായ പരിശീലനം നല്‍കിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിശീലനം നേടിയത്. 52 പേര്‍. തിരുവനന്തപുരത്ത് 46 പേര്‍ക്കും വയനാട്ടില്‍ 42 പേര്‍ക്കും പത്തനംതിട്ടയില്‍ 32 പേര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു. ശേഷിച്ച ജില്ലകളിലായി ശരാശരി 12 പേര്‍ക്ക് വീതവും പരിശീലനം നല്‍കിയിട്ടുണ്ട്  കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി യൂണിറ്റുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ തോറും പുരോഗമിക്കുകയാണ്.   

 

Content highlight
കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്തമാക്കുന്നത്.