കെ-ലിഫറ്റ് : ഇടമലക്കുടിയില്‍ 100 കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ

Posted on Wednesday, March 6, 2024

ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ഇക്കൊല്ലം നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ ഊരുസംഗമത്തില്‍ തീരുമാനം. വിവിധ കുടികളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ഊരുസംഗമം ഇടമലക്കുടിയുടെ പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ കരുമുളകിന്റെയും ഏലത്തിന്റെയും ബ്രാന്‍ഡിംഗ് അടക്കമുള്ള പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. .

ഇക്കൊല്ലം സംസ്ഥാനത്തെ മൂന്ന് ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്‌കരിച്ചിരിക്കുന്ന കെ-ലിഫ്റ്റ് (Kudumbashree Livelihood Initiative for Transformation ) പദ്ധതിയുടെ ഭാഗമായാണ് കാനനപഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൃഗസംരക്ഷണം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, തയ്യല്‍ യൂനിറ്റ്, പെട്ടിക്കട, മുള ഉത്പന്നങ്ങള്‍, വനവിഭവങ്ങളുടെ ശേഖരണവും വിപണനവും തുടങ്ങിയ മേഖലകളിലാണ് വിവിധ കുടികളിലായി പഞ്ചായത്ത് നിവാസികള്‍ക്ക തൊഴില്‍ ഒരുക്കുന്നത്.

മൃഗസംരക്ഷണ മേഖലയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് തദ്ദേശിയ ഇനത്തില്‍പ്പെട്ട ആട്-കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. മത്സ്യം വളര്‍ത്താനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കും. വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുടികളില്‍ നിന്നും ഇതിനകം ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചുകൊണ്ട് എത്രയും വേഗം പദ്ധതി നടപ്പാക്കും.

ദേവികുളം ബ്ലോക്കില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായിരുന്ന ഇടമുലക്കുടി 2010 നവംബര്‍ ഒന്നിനാണ് കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായി രൂപീകരിക്കുന്നത്. അതിനു മുമ്പ് തന്നെ ഇവിടെ കുടുബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ചെന്നെത്തിയിരുന്നു. പ്രത്യേക

പഞ്ചായത്താക്കിയ ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. 36 അയല്‍ക്കൂട്ടങ്ങളിലായി ഇപ്പോള്‍ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എന്‍.ആര്‍.എല്‍.എം പദ്ധതിയുടെ ഭാഗമായി ഊരില്‍ നിന്നുള്ള തന്നെയുള്ള ആനിമേറ്റര്‍മാരെ നിയോഗിച്ചുകൊണ്ട് ഊരുതല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആസൂത്രിതവും വ്യവസ്ഥാപിതവുമായി നടപ്പാക്കി വരികയാണ്. സൊസൈറ്റി കുടിയില്‍ സി.ഡി.എസ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സഹായകമായിട്ടുണ്ട്. കുടിനിവാസികളായ ഇരുപത് ആനിമേറ്റര്‍മാര്‍ സി.ഡി.എസ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന് ഊരുസംഗമത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമരവതി അധ്യക്ഷത വഹിച്ചു. ഗ്രാമപചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പി.ആര്‍.ഒ നാഫി മുഹമ്മദ് മുഖ്യപ്രഭാഷണവും കുടുംബശ്രീ സ്റ്റേറ്റ് ട്രൈബല്‍ പ്രോഗ്രാം ഓഫീസര്‍ മനോജ് പദ്ധതി വശദീകരണവും നടത്തി. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ശാരിക, ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു അനിമേറ്റര്‍മാരായ സുപ്രിയ സ്വാഗതവും ശരത് നന്ദിയും പറഞ്ഞു. സംഗമത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമെ ഊരുമൂപ്പന്‍മാര്‍, യൂത്ത് ക്ലബ് പ്രതിനിധികള്‍, അനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സൊസൈറ്റി കുടി, ഷെടുകുടി, ഇഡലിപ്പാറകുടി , അമ്പലപടി കുടി എന്നിവിടങ്ങളില്‍ പ്രതേക ഊരുതല മീറ്റിംഗുകളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. സൊസൈറ്റി കുടിയില്‍ ചെയര്‍പേഴ്‌സണ്‍ അമരവതി, ഷെടുകുടി അനിമേറ്റര്‍ സരിത, സുപ്രിയ അങ്കമ്മ എന്നിവരും, അമ്പലപാടികുടിയില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ രമണി, അനിമേറ്റര്‍ ശരത് എന്നിവരും, ഇഡലിപറകുടിയില്‍ അനിമേറ്റര്‍മാരായ ഭാഗ്യലക്ഷ്മി, നീല, സുനിത, ബിജു, ഗോപി, ശശികുമാര്‍, സോക്കര്‍, സി.ഡി.എസ് അക്കൗണ്ടന്റ് രാമകൃഷ്ണന്‍ എന്നിവരും നേതൃത്വ നല്‍കി.

Content highlight
idamalakkudi k lift