കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നിന്നും ശേഖരിച്ച മാലിന്യം വേര്തിരിക്കുന്നതിനിടയിലാണ് ഹരിതകർമ്മസേനാംഗങ്ങളായ ജെസി വര്‍ഗീസും റീന ബിജുവും ഒരു ചെറിയ പൊതി കണ്ടത്. തുറന്നു നോക്കുമ്പോള്‍ വജ്രാഭരണമാണ് ഉള്ളില്‍! തൊട്ടടുത്ത തന്നെ മറ്റൊരു പൊതിയും കിട്ടി. അതും വജ്രം! ഒരു ഡയമണ്ട് നെക്ലസ്, രണ്ട് ഡയമണ്ട് കമ്മല്‍. രണ്ടും കൂടി ഏതാണ്ട് നാലര ലക്ഷത്തിലധികം വില മതിക്കും.
ജെസിക്കും റീനക്കും ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഉടന്‍ തന്നെ വാര്‍ഡ് മെമ്പര്‍ ലില്ലി റാഫേലിനെ വിളിച്ചു. മെമ്പറുടെ സാന്നിദ്ധ്യത്തില്‍ ഉടമയെ കണ്ടെത്തി കയ്യോടെ വജ്രാഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. വജ്രാഭരണം തിരിച്ചു നല്കിയ വാര്‍ത്തയറിഞ്ഞ് ഇരുവരെയും അഭിനന്ദിക്കാനെത്തിയ കെ.ജെ. മാക്സി എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസും ചേര്‍ന്ന് ഇവര്‍ക്ക് പാരിതോഷികം കൈമാറി.
ഇങ്ങനെ മാലിന്യകൂമ്പാരത്തില്‍ നിന്നും ലക്ഷങ്ങളുടെയും ദശലക്ഷങ്ങളുടെ വിലപിടിപ്പുള്ള പലതും ഹരിതകര്‍മ്മസേനാംഗങ്ങള്‍ കണ്ടെത്തുകയും അവ ഉടമകളെ തേടിപ്പിടിച്ച് തിരികെ ഏല്‍പ്പിക്കുകയും ചെയ്യുന്ന വാര്‍ത്ത ഇപ്പോള്‍ കേരളത്തിന് പുതുമയല്ല. മാലിന്യ സംസ്കരണത്തിലൂടെ നാടിന്റെ വിശുദ്ധിയുടെ കാവല്‍ക്കാരായ ഹരിതകര്‍മ്മസേന ഇപ്പോൾ വിശ്വാസ്യതയുടെ കൂടി പേരായി കഴിഞ്ഞു. തങ്ങളുടെ വിശ്വാസ്യതയ്ക്ക് ലഭിച്ച പാരിതോഷികം വയനാട്ടിലെ ദുരിതബാധിതകര്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഹരിതകർമ്മസേനയ്ക്ക് ആകെ അഭിമാനമായി മാറി ജെസിയും റീനയും.
- 6 views
Content highlight
Haritha Karma Sena members returns the diamond ornament found in the garbage; Donates the reward received for returning the ornament to CMDRF