തിരുവനന്തപുരം: കോവിഡ് 19 ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായ കുടുംബശ്രീ സംരംഭകര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'കരുതല്‍' സംസ്ഥാനതല ഉല്പന്ന വിപണന ക്യാമ്പെയന്റെ ഭാഗമായി കുടുംബശ്രീ ഓണകിറ്റുകള്‍ തയ്യാറാക്കി അയല്‍ക്കൂട്ടങ്ങളില്‍ വിതരണം ചെയ്യുന്നു. കേരളത്തില്‍ ആകെ മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം അംഗങ്ങളുണ്ട്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും അതത് ജില്ലാമിഷന്റെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണത്തിന് തയ്യാറായി വരികയാണ്. ക്യാമ്പെയ്ന് സെപ്റ്റംബര്‍ 30ന് അവസാനിക്കും.
അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാര്‍ എന്നിവയുള്‍പ്പെടെ ഉല്പന്നങ്ങളാണ് കിറ്റിലുള്ളത്. തുക പരമാവധി 20 തവണകളായി അയല്‍ക്കൂട്ടങ്ങളില്‍ അടച്ചാല്‍ മതിയാകും. അയല്‍ക്കൂട്ട അംഗങ്ങളല്ലാത്തവര്‍ക്കും കുടുംബശ്രീയുടെ കിറ്റ് വാങ്ങാനാകും.
സംരംഭകരില്‍ നിന്നും ഉല്പന്നങ്ങളുടെ വിശദാംശങ്ങളും വിലവിവരവും ശേഖരിച്ചത് ജില്ലാമിഷനുകളാണ്. ഇക്കാര്യം സിഡിഎസുകളെയും അറിയിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ആവശ്യമുള്ള കിറ്റുകളുടെ എണ്ണം ജില്ലാമിഷനെ അറിയിക്കാനുള്ള ചുമതലയും കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള പച്ചക്കറി സമാഹരണവും നിര്‍വഹിക്കേണ്ടത് സിഡിഎസുകളാണ്. നിലവില്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളിലെ വിവിധ സംരംഭങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള് ശേഖരിച്ച് കിറ്റുകളില്‍ പായ്ക്കു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാന്ദ്യം നേരിട്ട സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് 'കരുതല്‍' ഉല്പന്ന വിപണന ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നത്. ഇതു പ്രകാരം ഓണം വിപണി പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് സംരംഭകര്‍ ഉല്പാദിപ്പിച്ച ഉല്പന്നങ്ങള് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു തന്നെ വിറ്റഴിച്ചു കൊണ്ട് വരുമാനം നേടുകയാണ് ലക്ഷ്യം. ക്യാമ്പെയ്ന് വഴി അഞ്ചു കോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- 39 views