ഓണ്‍ലൈനായി ഭക്ഷണമെത്തിക്കാന്‍ 'അന്നശ്രീ'

Posted on Thursday, August 13, 2020

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാറ്ററിങ് മേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന യുവശ്രീ ഗ്രൂപ്പായ ഐഫ്രം (AIFRHM- അദേഭാ-അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) അന്നശ്രീ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ട് ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറിയായി ഭക്ഷണ വിഭവങ്ങള്‍ എത്തിച്ച് നല്‍കുന്ന സേവനത്തിന് തുടക്കമിട്ടിരിക്കുന്നു.. പരീക്ഷണാടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലും എറണാകുളം ജില്ലയിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കി വരികയാണ്.

    കുടുംബശ്രീയുടെ ഒരു മികച്ച സംരംഭ മാതൃകയായ ഐഫ്രം  സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയുടെ മാതൃകയില്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവിറി സംവിധാനം എന്ന നിലയിലാണ് അന്നശ്രീ വികസിപ്പിച്ചെടുക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള കഫേ, ക്യാന്റീന്‍, കാറ്ററിങ് യൂണിറ്റുകള്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി ഭക്ഷണം നല്‍കാനായി രജിസ്ട്രേഷന്‍ നടത്താം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഭക്ഷണ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനാകും. മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള പ്രചാരം ലഭിക്കുന്നില്ലെന്ന് മനസ്സിലായി. കൂടുതല്‍ പണം നല്‍കി പ്രൊമോഷന്‍ ചെയ്താലേ ഈ ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിക്കൂയെന്നും കണ്ടറിഞ്ഞു. ഇതോടെയാണ് കുടുംബശ്രീയുടെ ഭക്ഷ്യവിഭവ യൂണിറ്റുകളുടെ വിശ്വാസ്യതയും തനിമയും മനസ്സിലാക്കിക്കൊണ്ട് സ്വന്തമായി ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ച് മുന്നോട്ട് പോകാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
  തൃശ്ശൂര്‍ ജില്ലയില്‍ നടത്തുന്ന ഈ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആപ്ലിക്കേഷനില്‍ ഇതുവരെ 8 ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം ശരാശരി 30 ഹോം ഡെലിവറികള്‍ നടക്കുന്നു. പാണഞ്ചേരി പഞ്ചായത്ത് സിഡിഎസിലെ രണ്ട് കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണവിതരണം നടത്തുന്നത്. ജൂണ്‍ 29നാണ് എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശ്ശേരി, ചൂര്‍ണ്ണിക്കര എന്നീ പ്രദേശങ്ങളിലെ 9 യൂണിറ്റുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ദിവസേന 5000 മുതല്‍ 15,000 രൂപ വരെ വിറ്റുവരവ് ലഭിക്കുന്നു. ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം  പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.

 

 

Content highlight
ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.