Two hundred LSGIs to be upgraded as Green protocol Offices

Posted on Monday, February 22, 2021

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്: 50 തദ്ദേശ സ്ഥാപനങ്ങളില്‍ 'വഴിയിടം' ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ പ്രഖ്യാപനം ബുധനാഴ്ച (24.02.2021ന്) മന്ത്രി.എ.സി.മൊയ്തീന്‍ നിര്‍വഹിക്കും

സംസ്ഥാനത്ത് ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തില്‍ ശുചിത്വ പദവി നേടിയ 589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24.02.2021 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. ഇതോടൊപ്പം 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈന്‍ ആയി നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്ണ്‍ ഡോ.ടി.എന്‍.സീമ അദ്ധ്യക്ഷയാകും. തദ്ദേശ സ്വയംഭരണ വകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ ഐ.എ.എസ്. ശുചിത്വ പദവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ ഐ.എ.എസ്, നഗര കാര്യ വകുപ്പ് ഡയറക്ടര്‍ & ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, ഗ്രാമ വികസന കമ്മീഷണര്‍ ശ്രീ. വി.ആര്‍.വിനോദ് ഐ.എ.എസ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.എസ്.ഹരി കിഷോര്‍ ഐ.എ.എസ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പി.കേശവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ശുചിത്വ പദവി കരസ്ഥാമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്യും

 

12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്. സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ- വാതക മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ 75 ശതമാനത്തിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം പരമാവധി പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.

 

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്.