Harithakeralam- Jalasabha-"Jalamanu Jeevan " campaign with the help of Kudumbashree

Posted on Sunday, March 24, 2019

വരള്‍ച്ച അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജലമാണ് ജീവന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാര്‍ച്ച് 22 ജലദിനത്തിനാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പരിപാടിയിൽ 2.75 ലക്ഷം അയൽക്കൂട്ടങ്ങളിൽ ജലമാണ് ജീവന്‍ അയൽക്കൂട്ട ജലസഭ സംഘടിപ്പിക്കും. കാമ്പയിന്‍റെ ഭാഗമായി ഓരോ വീട്ടിലും കുടിവെള്ളത്തിന്‍റെയും മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്‍റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനം നടത്തുന്നുണ്ട്. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളിൽ മറ്റ് വീടുകളി നിന്നും വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുന്ന കുടിവെള്ളം എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തിൽ വിതരണം കാര്യക്ഷമമാക്കുന്നതിനും സംവിധാനമുണ്ടാക്കി വരുന്നു. കാമ്പയിന്‍റെ ഭാഗമായി ഹരിതകേരളം മിഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും എത്തിക്കുകയാണ്. ഇതോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പ്രചരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.