സംസ്ഥാനത്ത് ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് വിപുലമായ ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കുംവിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യസംസ്കരണം നടത്തിയാലുള്ള നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍. ഇതോടൊപ്പം ഹരിതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ഫാക്കല്‍റ്റി പരിശീലനം തിരുവനന്തപുരത്ത് കൈമനത്തുള്ള ആര്.ടി.ടി.സി.യില്‍ ആരംഭിച്ചു. സംസ്ഥാന വ്യാപകമായി തുടര്‍പരിശീലനം നല്‍കാനുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കാണ് കിലയുമായി ചേര്‍ന്ന് പരിശീലനം സംഘടിപ്പിച്ചത്. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ഇന്നും (30.07.2019) തുടരും. ഇതിനു തുടര്‍ച്ചയായി വരും ദിവസങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, നഗരസഭ അധ്യക്ഷര്‍, നഗരസഭാ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. കോര്പ്പറേഷന് അധ്യക്ഷര്‍, സെക്രട്ടറിമാര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് അടുത്ത മാസം ഏഴിന് തിരുവനന്തപുരത്ത് ശില്‍പ്പശാലയും സംഘടിപ്പിക്കും. 20 ലക്ഷം പേരില്‍ എത്തുന്ന വിപുലമായ ഹരിതനിയമ ബോധവല്‍ക്കരണ കാമ്പയിനും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ സജ്ജമാക്കലുമാണ് ആത്യന്തിക ലക്ഷ്യം.
- 151 views