കേരള ചിക്കന്‍; കുടുംബശ്രീയുടെ ആദ്യ ബ്രാന്‍ഡഡ് വിപണനകേന്ദ്രത്തിന് ഔദ്യോഗിക തുടക്കം

Posted on Wednesday, March 3, 2021

*തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനം ഇറച്ചിക്കോഴിയും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ ആദ്യ വിപണന കേന്ദ്രം പ്രവര്‍ത്തനമാരാംഭിച്ചു. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ജൂണ്‍ 30ന് ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി 2017 നവംബറിലാണ് ആരംഭിച്ചത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎഎസ് പദ്ധതി വിശദീകരണം നടത്തി.

 

   ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമായും (കെപ്‌കോ) എറണാകുളം, കോട്ടയം ജില്ലകളില്‍ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായും (എംപിഐ) ധാരണയിലെത്തി പ്രവര്‍ത്തനം നടത്തി. കോഴിവളര്‍ത്തുന്ന, വളര്‍ത്താന്‍ താത്പര്യമുള്ള 545 കര്‍ഷകര്‍ക്ക് കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ടും (സിഇഎഫ്) നല്‍കി. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് ബ്രീഡര്‍ ഫാമും പൗള്‍ട്രി ലൈനും റെന്‍ഡറിങ് പ്ലാന്റും ഉള്‍പ്പെട്ട പൗള്‍ട്രി പ്രോസസിങ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ഉത്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പദ്ധതിയുടെ ഭാഗമായ എല്ലാ കുടുംബശ്രീ ഇറച്ചിക്കോഴി കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും ആരംഭിച്ചിരുന്നു.  

  പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 95 ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഇന്റഗ്രേഷന്‍ ഫാമിങ് അഥവാ കോണ്‍ട്രാക് ഫാമിങ് (1 ദിവസം പ്രായമായ കോഴിക്കു ഞ്ഞുങ്ങളെയും മരുന്നും തീറ്റയും കര്‍ഷകര്‍ക്ക് നല്‍കി 40 ദിവസം വളര്‍ച്ചെയെത്തിയ ഇറച്ചിക്കോഴികളെ വളര്‍ത്ത് കൂലി നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനം) അനുസരിച്ച് നാല് ആവൃത്തികളിലായി 4,16,000 കോഴിക്കുഞ്ഞുങ്ങളെ നല്‍കി വളര്‍ച്ചയെത്തിയ കോഴികളെ തിരികെ വാങ്ങി വിപണിയിലെത്തിക്കുകയും ചെയ്തു കഴിഞ്ഞു. പദ്ധതിയുടെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്റഗ്രേഷന്‍ ഫാമിങ് നടത്തുന്ന കുടുംബശ്രീ കോഴി കര്‍ഷകരില്‍ നിന്നും തിരികെയെടുക്കുന്ന ഇറച്ചിക്കോഴി നേരിട്ട് വിപണനം നടത്തുന്നതിനായുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡഡ് വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗങ്ങളായ രേണുക രാജന്‍, അനശ്വര എന്നിവരാണ് ഈ വിപണന കേന്ദ്രം നടത്തുന്നത്. ഈ കേന്ദ്രത്തിലേക്ക് ചിക്കന്‍ എത്തിക്കുന്നത് 5 കുടുംബശ്രീ കര്‍ഷകരാണ്. 2020 ജൂലൈ 15നകം എറണാകുളം ജില്ലയിലെ തിരുമാറാടി, ആയവന, കോട്ടപ്പടി, മാറാടി എന്നിവിടങ്ങളിലും വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. 2020 ഡിസംബറോടെ 220 കര്‍ഷകര്‍ മുഖേന ഇന്റഗ്രേഷന്‍ ഫാമിങ് നടത്തി 200 ഔട്ട്‌ലെറ്റുകള്‍ വിവിധ ജില്ലകളിലായി ആരംഭിക്കും.

outlet

  മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കെബിഎഫ്പിസി) ഡയറക്ടറായ എസ്. പ്രസന്നകുമാരി, മാര്‍ക്കറ്റിങ് മാനേജര്‍ എസ്. രമ്യ ശ്യാം, പ്രോസസിങ് മാനേജര്‍ ലിജിന്‍ എന്നിവരും വിപണനകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ അധ്യക്ഷനായി. എറണാകുളം കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ചാര്‍ജ്) എസ്. രഞ്ജിനി സ്വാഗതം ആശംസിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ പ്രൊഫ. കെ.കെ. ജോഷി മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍, പറവൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പരമേശ്വരന്‍, കെബിഎഫ്പിസി മാര്‍ക്കറ്റിങ് മാനേജര്‍ കിരണ്‍ എം. സുഗതന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍