കേരളത്തിന്റെ വികസന പ്രക്രിയയിൽ ഒരുമനസോടെ പ്രവർത്തിക്കാൻ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം സഹായകരമാകും. പ്രകൃതിക്ഷോഭങ്ങളുടെ സന്ദർഭത്തിൽ പ്രായോഗികമായി പ്രവർത്തിച്ചവരുടെ അനുഭവങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, ഗ്രാമ നഗരാസൂത്രണം, എൻജിനീയറിങ് വിഭാഗം, എന്നിവയുടെ ഏകീകരണം സാധ്യമാക്കുന്നതിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ നവീനമാക്കുവാൻ സാധിക്കും. എല്ലാതരത്തിലുള്ള സാങ്കേതിക കാര്യങ്ങളും പൂർത്തീകരിച്ചുകൊണ്ട് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വകുപ്പ് ഏകീകരണത്തിന്റെ മാറ്റം ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അഞ്ചു വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയും സങ്കീർണതകൾ ഒഴിവാക്കിയും തീരുമാനമെടുക്കൽ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സാധ്യമാക്കുന്ന തരത്തിലുള്ളതാണ് വകുപ്പ് ഏകീകരണം.
ഇതിന്റെ ഭാഗമായി പ്രവര്‍ത്തന മാന്വല്‍ രൂപരേഖയുടെ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ എ എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ആർ എസ് കണ്ണൻ, പ്രിൻസിപ്പൽ ഡയറക്ടർ വി ആർ വിനോദ് ഐഎഎസ്, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ ഐഎഎസ്, നഗരകാര്യ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് ഐഎഎസ് തുടങ്ങിയവർ സംസാരിച്ചു.
- 7234 views