Haritha Keralam Clean House challenge Upto 31.05.2020

Posted on Friday, May 22, 2020

ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം. ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെടുക്കാം.

പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ചാലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് വഴിയും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടുകളിലെ മാലിന്യ സംസ്‌കരണത്തിനായുള്ള മാര്‍ഗ്ഗങ്ങളും മിഷന്റെ ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയാണ് മുഖ്യമായും വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സ്റ്റാറുകള്‍ വരെ ലഭിക്കും. നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്ര സ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ് അവസാന വാരം ഫൈനല്‍ ഗ്രേഡിംഗ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, ഫോട്ടോകള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. അവരവരുടെ ഫേസ്ബുക് പേജില്‍ #MyHomeCleanHome എന്ന ഹാഷ് ടാഗോടു കൂടി ചിത്രങ്ങള്‍/ വിവരണങ്ങള്‍/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ് ബുക് പേജില്‍ ലഭിക്കും.