Green Auditing under the leadership of Haritha Keralam Mission in Government Offices

Posted on Friday, March 6, 2020

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഹരിതപെരുമാറ്റ (ഗ്രീന്‍ പ്രോട്ടോക്കോള്‍) ചട്ട പാലനം പരിശോധനയിലൂടെ വിലയിരുത്താനും ന്യൂനതകളുണ്ടെങ്കില്‍ പരിഹാര നടപടി കൈക്കൊള്ളുന്നതിനുമായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹരിതകേരളം മിഷന്‍ ഹരിത ഓഡിറ്റിംഗ് നടത്തുന്നു. ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ അനുവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി ഹരിത ഓഫീസ് സാക്ഷ്യപത്രം നല്‍കും. ഇതിനു പുറമേ ഏറ്റവും മികച്ചതും അനുകരണീയ മാതൃക സൃഷ്ടിച്ചതുമായ ഓഫീസുകള്‍ക്ക് അനുമോദനവും പുരസ്കാരവും നല്‍കും. ഇതിനായി സംസ്ഥാനതലം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലം വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പരിശോധനയ്ക്കായി പ്രത്യേക പരിശീലനം നല്‍കിയ സംഘത്തെ നിയോഗിക്കും. 2020 മാര്‍ച്ചു മാസത്തില്‍ തന്നെ ഓഡിറ്റിംഗ് നടത്താനാണ് തീരുമാനം. ഹരിതകേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നല്‍കുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിതപെരുമാറ്റ ചട്ടം പാലിക്കണമെന്ന് നിഷ്കര്‍ഷിച്ച് 2018 ല്‍ തന്നെ ഗവ.ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിതപെരുമാറ്റചട്ടം ഉറപ്പുവരുത്താന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കുക, പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും മറ്റും നിര്‍മ്മിച്ച എല്ലാ ഇനം ഡിസ്പോസബിള്‍ വസ്തുക്കളുടെ ഉപയോഗവും പൂര്‍ണമായും ഒഴിവാക്കുക, കഴുകി പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ സജ്ജമാക്കുകയും ഉപയോഗിക്കുകയും ചെയ്യുക, ജൈവ-അജൈവ പാഴ്വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കുക, ജൈവ മാലിന്യം സംസ്കരിക്കുന്നതിന് കമ്പോസ്റ്റ്/ബയോബിന്നുകള്‍ സ്ഥാപിക്കുക, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനും സംസ്കരണത്തിന് കൈമാറുന്നതിനും സംവിധാനം ഒരുക്കുക, ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍, പേപ്പറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സംവിധാനം ഒരുക്കുക തുടങ്ങിയ മാനദണ്ഡങ്ങളാണ് ഹരിതപെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പതിനായിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഇതിനകം ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുവരുന്നുണ്ട്. ബാക്കിയുള്ള എല്ലാ ഓഫീസുകളിലും ഇത് ഉറപ്പ് വരുത്തി ഹരിതപെരുമാറ്റച്ചട്ടം പൂര്‍ണമായും നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഹരിതകേരളം എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.