Flood relief-drinking water quality checking on 08.09.2018,  09.09.2018

Posted on Friday, September 7, 2018

പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്‍റെ ഗുണനിലവാര പരിശോധന 08.09.2018 ആരംഭിക്കും. ഹരിതകേരളം മിഷന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി(08.09.2018,  09.09.2018)  നടക്കുന്ന കിണര്‍വെള്ള ഗുണ പരിശോധന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളാണ്. ആദ്യഘട്ടമായി പൈലറ്റ് അടിസ്ഥാനത്തില്‍ പ്രളയക്കെടുതി നേരിട്ട 6 ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയിലെയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കിണര്‍വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും 16,232 കിണറുകളിലെ കുടിവെള്ളമാണ് പരിശോധിക്കുന്നത്. തിരുവല്ലയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പരിപാടിക്ക് തുടക്കം കുറിക്കും. സജി ചെറിയാന്‍ എം.എല്‍.എ, രാജൂ അബ്രഹാം എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, ബി.ഡി ദേവസ്യ എം.എല്‍.എ, വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ, സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ മറ്റു ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധന പരിപാടിക്ക് തുടക്കം കുറിക്കും. ബന്ധപ്പെട്ട ജില്ലകളിലെ എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നുള്ള പരിശീലനം നേടിയ വോളണ്ടിയര്‍മാരാണ് പരിശോധനയ്ക്കെത്തുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പരിശോധനയ്ക്കാവശ്യമായ കിറ്റ് ലഭ്യമാക്കിയതും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധനാ ലാബ് സജ്ജമാക്കിയതും. പരിശോധനാഫലം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കും. പ്രളയത്തെത്തുടര്‍ന്ന് മലിനമായ എല്ലാ കിണറുകളിലെയും ജലം പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൈലറ്റ് അടിസ്ഥാനത്തിലുള്ള കിണര്‍വെള്ള ഗുണനിലവാര പരിശോധന സംബന്ധിച്ച് ഈ മാസം 10 ന് മന്ത്രി. എ.സി. മൊയ്തീന്‍റെ അധ്യക്ഷതയില്‍ വിലയിരുത്തി തുടര്‍ നടപടികള്‍ തീരുമാനിക്കും.

ഹരിതകേരളം മിഷന്‍