Suchitwa Sangamam 2020-Karakulam Grameena Patna kendram Stall

വീട്ടില്‍ കൂട്ടിവെച്ചിരിക്കുന്ന പഴയ സാരികളോ പാന്‍റ്സോ ഉണ്ടെങ്കില്‍ അതുമായി നേരെ കനകക്കുന്നിലെ സൂര്യകാന്തി പ്രദര്‍ശന നഗരിയിലേക്ക് വന്നാല്‍ വിവിധതരം തുണി സഞ്ചികളുമായി മടങ്ങാം. കനകക്കുന്നില്‍ സൂര്യകാന്തിയില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം പ്രദര്‍ശന വിപണന മേളയിലെ കരകുളം ഗ്രാമീണ പഠന കേന്ദ്രം സ്റ്റാളിലാണ് ഈ സൗകര്യം. പഴയ സാരിയില്‍ നിന്നു മാത്രമല്ല ഉപയോഗ ശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വിവിധതരം വസ്ത്രങ്ങളില്‍ നിന്നും ഉപയോഗപ്രദമായ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം എന്ന് ഉറപ്പ് തരുന്നു ഗ്രാമീണ പഠനകേന്ദ്രം.
മോഡേണ്‍ ബാഗുകള്‍ പലതരം തുണി പൗച്ചുകള്‍, ഡോര്‍മാറ്റ്, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയൊക്കെ പാഴ്വസ്തുക്കളില്‍ നിന്നും നിര്‍മ്മിക്കാന്‍ ഗ്രാമീണ പഠന കേന്ദ്രം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നു.

ടൂത്ത് ബ്രഷും ഇനി പ്രകൃതിദത്തം

പ്ലാസ്റ്റിക് നിരോധനമാകുമ്പോള്‍ അതില്‍ നിന്നും ടൂത്ത് ബ്രഷ് മാത്രം മാറി നില്‍ക്കുന്നതെങ്ങനെ. ടൂത്ത് ബ്രഷ് ഉള്‍പ്പെടെ മുള കൊണ്ടുള്ള നിരവധി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാണ് കോഴിക്കോട് നിന്നുള്ള സ്വസ്തി ഫൗണ്ടേഷന്‍റെ സ്റ്റാളില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമുള്ളത്.

പേപ്പര്‍പേനകള്‍ സര്‍വസാധാരണമാണെങ്കിലും ഇവിടെയുള്ള പേപ്പര്‍ പേനകള്‍ പുനരുപയോഗിക്കപ്പെട്ട പേപ്പറുകള്‍ ഉപയോഗിച്ചുള്ള പേനകളാണ്. പേപ്പര്‍ ഉപയോഗിച്ചുണ്ടാക്കിയ മികച്ചയിനം നോട്ട്ബുക്കുകള്‍, പേപ്പര്‍ പള്‍പ്പ് കൊണ്ടുണ്ടാക്കിയ പെന്‍സിലുകള്‍ എന്നിവയും മേളയിലെ  ആകര്‍ഷണങ്ങളാണ്. കൂടാതെ ചണം കൊണ്ടുള്ള ഷോപ്പിംങ് ബാഗുകള്‍, വേപ്പിന്‍റെ തടികൊണ്ടുള്ള ചീര്‍പ്പുകള്‍, ഹാന്‍റ് ബാഗുകള്‍, ഹാന്‍റ്ലൂം ബാഗുകള്‍, കോട്ടണ്‍ ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍ എന്നിവയും ഈ സ്റ്റാളില്‍ ലഭ്യമാണ്. സാനിട്ടറി നാപ്കിനുകളുടെ ഉപയോഗം കുറച്ച് മെന്‍സ്ട്രല്‍ കപ്പുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതും വില്‍പ്പനയ്ക്കുണ്ട്.