news

ഹരിത ക്യാമ്പസുകളായി ഐ.ടി.ഐകള്‍

Posted on Wednesday, October 28, 2020

സംസ്ഥാനത്തെ ഐ.ടി.ഐ കാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം വെള്ളിയാഴ്ച (30.10.2020) ഓണ്‍ലൈനായി ബഹു.എക്‌സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര ഐ.എ.എസ്, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവര്‍ പങ്കെടുക്കും. വ്യാവസായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.ജസ്റ്റിന്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത നേതൃത്വത്തില്‍ ഐ.ടി.ഐ കഴക്കൂട്ടം   (തിരുവനന്തപുരം), ഐ.ടി.ഐ ചന്ദനത്തോപ്പ് (കൊല്ലം), ഐ.ടി.ഐ ചെന്നീര്‍ക്കര  (പത്തനംതിട്ട), ഐ.ടി.ഐ കട്ടപ്പന (ഇടുക്കി), വനിത ഐ.ടി.ഐ ചാലക്കുടി (തൃശൂര്‍), ഐ.ടി.ഐ മലമ്പുഴ (പാലക്കാട്), ഐ.ടി.ഐ വാണിയംകുളം (പാലക്കാട്), ഐ.ടി.ഐ അരീക്കോട് (മലപ്പുറം), വനിത ഐ.ടി.ഐ കോഴിക്കോട് (കോഴിക്കോട്), ഐ.ടി.ഐ കല്‍പ്പറ്റ (വയനാട്), ഐ.ടി.ഐ പുല്ലൂര്‍ (കാസറഗോഡ്) എന്നീ 11 ഐ.ടി.ഐകളാണ് ഹരിതക്യാമ്പസ് ഒരുക്കിയത്.

കേരളം മുന്‍വര്‍ഷങ്ങളില്‍ നേരിട്ട മഹാപ്രളയത്തില്‍പ്പെട്ട നിരവധി പേരുടെ കേടുപാടുകള്‍ വന്ന വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി നല്‍കാന്‍ രംഗത്തിറങ്ങിയ കേരളത്തിലെ ഐ.ടി.ഐകളിലെ അധ്യാപക -വിദ്യാര്‍ത്ഥി കൂട്ടായ്മയായ നൈപുണ്യ കര്‍മ്മസേനയുടെ തുടര്‍ച്ചയാണ് ഐ.ടി.ഐ ഹരിതക്യാമ്പസ്. ഓരോ ചുറ്റുവട്ടവും പ്രകൃതി സൗഹൃദമാക്കാനും പ്രകൃതി പുനസ്ഥാപനത്തിന് സാധ്യമായതൊക്കെ ചെയ്യാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഫലമായ ശ്രമമാണിത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഐ.ടി.ഐകളെയും മറ്റ് കലാലയങ്ങളെയും ഉള്‍പ്പെടുത്തി ഹരിതക്യാമ്പസ് പദ്ധതി വിപുലമാക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. ഐ.ടി.ഐ ഹരിതക്യാമ്പസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഈ പദവി കൈവരിച്ച സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്ര സമര്‍പ്പണവും നടക്കും. www.facebook.com/harithakeralamission ഫേസ്ബുക്കില്‍ ചടങ്ങുകളുടെ ലൈവ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

 
 
Content highlight

ജനന രജിസ്ട്രേഷനുകളിൽ പേരു ചേർക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള ജനന മരണ ചീഫ്‌ രജിസ്ട്രാറുടെ നടപടിക്രമം

Posted on Tuesday, October 20, 2020

1969 ലെ രജിസ്ട്രേഷൻ നിയമത്തിലെ  14-ാം വകുപ്പും,1999 ലെ  ജനന മരണ രജിസ്ട്രേഷൻ  ചട്ടങ്ങളിലെ പത്താം ചട്ടവും അനുസരിച്ച് ജനനം നടന്ന് 15 വർഷത്തിനകം  പേര് ചേർക്കേണ്ടതുണ്ടെന്ന്  വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിൻ പ്രകാരമുള്ള കാലാവധി 31.12.2014 ന്  അവസാനിച്ചതിനു  ശേഷവും ജനന രജിസ്ട്രേഷനിൽ പേര് ചേർക്കുന്നതിന്  പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി  ജനന രജിസ്റ്ററിൽ  പേര് ചേർക്കുന്നതിനുള്ള  കാലാവധി അഞ്ച് വർഷകാലയളവിലേയ്ക്ക്  കൂടി ദീർഘിപ്പിച്ചുകൊണ്ട്   1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ  സെക്ഷൻ 14 റൂൾ 10 ഭേദഗതി ചെയ്യുന്നതിന് സൂചന 1 കത്ത് പ്രകാരം രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അനുവാദം നൽകിയിരുന്നു.  അതനുസരിച്ച് കേരള സർക്കാർ   ജനന രജിസ്റ്ററിൽ  പേര് ചേർക്കുന്നതിനുള്ള  കാലാവധി അഞ്ച് വർഷകാലയളവിലേയ്ക്ക്  കൂടി ദീർഘിപ്പിച്ചുകൊണ്ട്  സൂചന 2 പ്രകാരം 2015 ലെ  ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിൻ പ്രകാരം 22.06.2020 വരെ ജനന രജിസ്ട്രേഷനുകളിൽ പേര് ചേർക്കുന്നതിന് അനുമതി നൽകിയിരുന്നു.

      മേൽ പ്രകാരമുള്ള കാലാവധി അവസാനിച്ചതിനു ശേഷവും പഠന സംബന്ധമായ ആവശ്യങ്ങൾക്കും പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾക്കും  ഉൾപ്പെടെ ജനനരജിസ്റ്ററിൽ പേര് ചേർത്ത് ലഭിക്കുന്നതിന് കേരളത്തിലം എല്ലാ ലോക്കൽ രജിസ്ട്രാർമാർക്കും നിരവധി അപേക്ഷകൽ ലഭിച്ചുകൌണ്ടിരിക്കുന്ന വിവരം സൂചന 3 പ്രകാരം റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലും കോവിഡ് 19 മൂലം നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചും 22.06.2015 ന് മുൻപുള്ള ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള സമയം 23.06.2020 മുതൽ ഒരു വർഷകാലത്തേയ്ക്കുകൂടി ദീർഘിപ്പിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ജനന മരണ ചീഫ്  രജിസ്ട്രാർക്ക് അനുമതി നൽകി ബഹു. സർക്കാർ സൂചന (4) പ്രകാരം അനുവാദം നൽകുകയുണ്ടായി.

         ടി സാഹചര്യത്തിൽ കേരളത്തിലെ എല്ലാ രജിസ്ട്രാർമാർക്കും 23.06.2015 ന് മുമ്പുള്ള രജിസ്ട്രേഷനുകളിൽ 23.06.2020 മുതൽ ഒരു വർഷത്തേയ്ക്ക് അതായത് 22.06.2021  വരെ ജനനരജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് അനുവാദം നൽകി ഉത്തരവാകുന്നു. ടി പ്രത്യേക അദാലത്ത്,മതിയായ പ്രചാരണം എന്നിവ നടത്തി 22.06.2015 ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളതും പേര്  ചേർക്കാത്തതുമായ ജനന രജിസ്ട്രേഷനുകളിൽ പേര് ചേർക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കേണ്ടതും ആയതിൻ്റെ പുരോഗതി എല്ലാ രജിസ്ട്രാർമാരും ഉറപ്പുവരുത്തേണ്ടതാണെന്നും  ഇതിനാൽ ഉത്തരവാകുന്നു.

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 22.10.2020-ന് നിശ്ചയിച്ചിരുന്ന യോഗം 21.10.2020 ലേയ്ക്ക് മാറ്റി

Posted on Friday, October 16, 2020

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 22.10.2020-ന് നിശ്ചയിച്ചിരുന്ന യോഗം 21.10.2020 (ഉച്ചയ്ക്ക് 2.30-ന്, വീഡിയോ കോണ്‍ഫറന്‍സ് )ലേയ്ക്ക് മാറ്റിയിരിക്കുന്നു

 

 

പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കണം : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍

Posted on Thursday, October 15, 2020

കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആയിരത്തിലധികം പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുകയായിരുന്നു മുഖ്യമന്ത്രി. 1260 പച്ചത്തുരുത്തുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പക്ഷികളുടേയും ചെറുജീവികളുടേയും ആവാസ കേന്ദ്രമായി പല പച്ചത്തുരുത്തുകളും ഇതിനകം മാറിയതായും ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും കണ്ടറിയാവുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ സംരക്ഷിക്കുന്ന ചുമതലയാണ് വൃക്ഷങ്ങളുടെ പരിപാലനത്തിലൂടെ നിറവേറ്റപ്പെടുന്നതെന്നും എല്ലാ വര്‍ഷവും ആയിരം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍ കൈവരിച്ച ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഭൂമിക്ക് പുറമേ സ്വകാര്യ ഭൂമിയിലും സ്ഥാപനങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. പച്ചത്തുരുത്ത് പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പരിസ്ഥിതിയേയും കേരളത്തിന്റെ ജൈവവൈവിധ്യ കലവറയേയും സംരക്ഷിക്കാനുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് പച്ചത്തുരുത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പച്ചത്തുരുത്ത് ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സാമൂഹിക ഉത്തരവാദിത്തത്തോടെ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച് വരുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് 1261-ാമതായി തുടങ്ങിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു, നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ബി., മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഐ.എ.എസ്., ഐ.ടി.മിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര എസ്. ഐ.എ.എസ്., അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അനുമോദന പത്രം നല്‍കി.

അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍: പൂര്‍ത്തീകരണ പ്രഖ്യാപനം. വ്യാഴാഴ്ച (15.10.2020)

Posted on Tuesday, October 13, 2020

ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ വ്യാഴാഴ്ച (15.10.2020) രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അതിജീവനത്തിന് ജൈവവൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതായി ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. പ്രഖ്യാപന ചടങ്ങിനെത്തുടര്‍ന്ന് 1261-ാ മതായി പൂര്‍ത്തിയാക്കിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തില്‍ ശ്രീ.ദിവാകരന്‍ എം.എല്‍.എ  വൃക്ഷത്തൈ നടും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.പി.വിശ്വംഭരപ്പണിക്കര്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.ചെറ്റച്ചല്‍ സഹദേവന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ്, ഐ.ടി.മിഷന്‍ ഡയറക്ടര്‍ ചിത്ര എസ് ഐ.എ.എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.ഇ.പ്രദീപ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്രം നല്‍കും.
പൊതു സ്ഥലങ്ങളുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐ.ടി.മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. 590 പഞ്ചായത്തുകളിലായി 454 ഏക്കര്‍ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകള്‍ ഉള്ളത്.