covid-19

കോവിഡിന്റെ രണ്ടാം തരംഗത്തിൽ  രോഗികളെയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നൽകി സഹായിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഒരുക്കുന്ന  വാർ റൂമിന്റെ ഭാഗമായി  പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സംവിധാനം സജ്ജ മാക്കുന്നതുനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 

Posted on Monday, May 3, 2021

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ടിരുന്ന അസാധാരണ സാഹചര്യം പരിഗണിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ ചേരുന്നത് സംബന്ധിച്ച്

Posted on Friday, April 23, 2021
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ടിരുന്ന അസാധാരണ സാഹചര്യം പരിഗണിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ ചേരുന്നത് സംബന്ധിച്ച്
 
 

കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനം ആവിഷ്‌കരിച്ച മാതൃകകൾ

Posted on Tuesday, July 28, 2020

കോവിഡ് വ്യാപനം നിയന്ത്രണത്തിന്റെ കാര്യത്തിൽ സംസ്ഥാനം നിരവധി മാതൃകകൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോണ്ടാക്ട് ട്രെയിസിങ്, ഗാർഹിക സമ്പർക്ക വിലക്ക്, സംരക്ഷണ സമ്പർക്ക വിലക്ക് തുടങ്ങിയ നടപടികൾ ഏറ്റവും വിജയിച്ച സംസ്ഥാനമാണ് നമ്മുടേത്. ഇക്കാര്യത്തിലുള്ള നമ്മുടെ രീതികൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നു. കോവിഡ് ആശുപത്രികളിൽ ഐസിയു, വെൻറിലേറ്റർ സംവിധാനം ഇങ്ങനെ ആധുനിക ചികിത്സയാണ് നൽകുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്.

ജൂലൈ 26 വരെയുള്ള കണക്കു പ്രകാരം കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 61 പേരാണ്. 21 പേർ സ്ത്രീകളും. 40 പേർ പുരുഷന്മാരും. ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ് 11. കൊല്ലത്ത് 4, പത്തനംതിട്ടയിൽ 1, ആലപ്പുഴയിൽ 4, ഇടുക്കിയിൽ 2, എറണാകുളത്ത് 7, തൃശൂർ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂർ 7, കാസർകോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണപ്പെട്ടവരുടെ കണക്ക്.

മരിച്ചവരിൽ 20 പേർ 60നും 70നും ഇടയിൽ പ്രായമുള്ളവർ. 18 പേർ 70നും 80നും ഇടയിൽ പ്രായമുള്ളവരും. 80 വയസ്സിനു മുകളിൽ ഉണ്ടായിരുന്നവർ 3 പേരാണ്. 9 പേർ 50നും 60നും ഇടയിൽ പ്രായമുള്ളവരാണ്. പത്തു വയസ്സിനു താഴെ പ്രായമുള്ളവരിൽ 1 മരണം. മരണമടഞ്ഞ 39 പേർ സമ്പർക്കം മുഖേന രോഗം ബാധിച്ചവരാണ്. 22 പേർ പുറമേനിന്നു വന്നത്.

കോവിഡ് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്നം കൂടിയാണ്. പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തിനകത്തും പൊതുജനാരോഗ്യ സംവിധാനം ദുർബലമായത് കൊണ്ട് ചികിത്സക്കായി ജനങ്ങൾ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു.

സ്വകാര്യ മേഖല ഈടാക്കുന്ന അമിത ചികിത്സാ ഫീസിനെ സംബന്ധിച്ചുള്ള പരാതികൾ വന്നു കൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടുന്നത്. നമ്മുടെ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പൂർണ്ണമായും സൗജന്യ ചികിത്സയാണ് നൽകി വരുന്നത്. കോവീഡ് ആശൂപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് സെൻററുകളിലും രോഗികൾക്ക് സൗജന്യ ഭക്ഷണവും നൽകുന്നു.

സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്ക് സർക്കാരുമായി സഹകരിക്കുന്നുണ്ട്. ഇപ്പോൾ പ്രവർത്തിക്കാത്ത 44 ആശുപത്രികളും ഭാഗികമായി പ്രവർത്തിക്കുന്ന 42 ആശുപത്രികളും സ്വകാര്യമേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി മാറ്റും. കാരുണ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് കൂടുതൽ ആശുപത്രികൾ സർക്കാരുമായി കൈ കോർത്തുവരികയാണ്. കാസ്പ് ഗുണഭോക്താക്കൾക്കും സർക്കാർ റഫർ ചെയ്യുന്ന കോവിഡ് രോഗികൾക്കും എം-പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും. കോവിഡ് ചികിത്സക്ക് മാത്രമായി താൽക്കാലിക എം-പാനൽമെൻറ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചു. ജനറൽ വാർഡിൽ 2300 രൂപ, ഐസിയുവിൽ 6500 രൂപ, വെൻറിലേറ്റർ ഐസിയുവിൽ 11,500 രൂപ. ഇതാണ് നിശ്ചയിച്ചിട്ടുള്ളത്. ശ്രദ്ധിക്കേണ്ടത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മറ്റ് സംസ്ഥാനങ്ങളിൽ പലതിലും സർക്കാർ നിശ്ചയിച്ച് നിരക്കിലും വളരെ കൂടുതൽ പല സ്വകാര്യ ആശുപത്രികളും ഈടാക്കി രോഗികളെ കഷ്ടപ്പെടുത്തുന്നുണ്ട്. കേരളത്തിൽ സർക്കാരുമായി പൂർണ്ണമായി സ്വകാര്യ മേഖല സഹകരിക്കുകയാണ്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതിനാൽ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ ക്യാമ്പയിൻ ‘ജീവരക്ഷ’ എന്ന പേരിൽ ആരംഭിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘ജീവന്റെ വിലയുള്ള ജാഗ്രത’ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക്

Posted on Thursday, July 16, 2020

‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിർദ്ദേശം കൂടി പൊതുജനങ്ങൾക്ക് നൽകുകയാണ്.

നമ്മൾ ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽ നിന്നും ആർക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളിൽ നിന്നും മിനിമം രണ്ടു മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളിൽ നിന്നു കൊണ്ട് മാസ്‌ക് ധരിച്ചും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിൻറെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾകൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്.

രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതിൽ മരണങ്ങൾ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് വളരെ കുറച്ചു നിർത്താൻ കഴിയുന്നത് നമ്മൾ പുലർത്തുന്ന ജാഗ്രത കൊണ്ടാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതുകൊണ്ട് ഈ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തു കൊണ്ട് നമുക്ക് കോവിഡ് 19ന് എതിരായ പ്രതിരോധം ശക്തമായി തുടരാമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ ഇളവിനുശേഷം കേരളത്തിലെത്തിയത് 5,81,488 പേരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 3,63,731 ഉം വിദേശത്തു നിന്നു വന്നവർ 2,17,757ഉം ആണ്. വന്നവരിൽ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. അവരിൽ 64.64 ശതമാനം ആളുകളും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ നിന്നും ആണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകളും എത്തിയത് റോഡ് മാർഗം ആണ്. 65.43 ശതമാനം പേരാണ് റോഡ് വഴി കേരളത്തിൽ എത്തിയത്. 19.64 ശതമാനം പേർ വിമാനമാർഗവും 14.18 ശതമാനം പേർ റെയിൽവേ വഴിയും കേരളത്തിലെത്തി.

ഹ്രസ്വകാല സന്ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 58,169 ആളുകളാണ്. അവരിൽ 27,611 പേർക്ക് പാസ് ഇതിനകം അനുവദിച്ചു. പതിവു സന്ദർശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരിൽ 8299 പേർക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്. രണ്ടു തരം സന്ദർശകർക്കിടയിലും ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിട്ടുള്ളത് തമിഴ്‌നാട്ടിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്ത്

Posted on Thursday, July 9, 2020

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

കോവിഡ് കാലത്ത് വലിയ സേവനമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് അഥവാ ഇംഹാന്‍സുമായി സഹകരിച്ച് പരിശോധനയും ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഇംഹാന്‍സ് ഇ-സഞ്ജീവനിയുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്കായി പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും ഒപി സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും രണ്ട് ഒപികളാണ് ഇ- സഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. ഇംഹാന്‍സ് റെഗുലര്‍, സൈക്യാട്രി ഒപി സേവനങ്ങള്‍ക്ക് പുറമേ കുട്ടികളുടെ മാനസികാരോഗ്യ ക്ലിനിക്കുകളും ഉണ്ടായിരിക്കുന്നതാണ്. കോവിഡ് കാലത്ത് തുടര്‍ ചികിത്സക്കായി ഇംഹാന്‍സ് ഒപിയിലേക്ക് വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. പുതുതായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ക്കായി ആശ്രയിക്കാവുന്ന മികച്ചൊരു ഓണ്‍ലൈന്‍ ഒപി പ്ലാറ്റ്‌ഫോമാണിത്. ആയതിനാല്‍ ഈ സേവനങ്ങള്‍ ഏവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ കുട്ടികള്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും ബുധനാഴ്ച മുതിര്‍ന്നവര്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും പ്രവര്‍ത്തിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഇംഹാന്‍സില്‍ ചികിത്സയിലുള്ളവര്‍ക്ക് തുടര്‍ ചികിത്സയ്ക്കും ഉപയോഗിക്കാന്‍ സാധിക്കും. തികച്ചും സര്‍ക്കാര്‍ സംരഭമായ ഇ-സഞ്ജീവനിയില്‍ നല്‍കുന്ന ഓരോ വിവരങ്ങളും സുരക്ഷിതമായിരിക്കും. മഹാമാരി കാലത്തെ പതിവ് ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല ആര്‍സിസി, എംസിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇ-സഞ്ജീവനിയുമായി കൈകോര്‍ത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശത അനുഭവിക്കുന്ന വ്യക്തികള്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ പതിവ് ചികിത്സകള്‍ക്കായി ആശ്രയിക്കേണ്ടതാണ്.

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ദിശ 1056 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.