കൊള്ളപ്പലിശക്കാരില്‍ നിന്നും പാവപ്പെട്ടവരെയും സാാധാരണക്കാരെയും രക്ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ലഘു ഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയ്ക്ക് പാലക്കാട് തുടക്കമായി. സഹകരണ സംഘങ്ങളും കുടുംബശ്രീയും സംയുക്തമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 26ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പാലക്കാട് നിര്‍വ്വഹിച്ചു. 24 മുതല്‍ 30 ശതമാനം വരെയുള്ള കഴുത്തറപ്പന്‍ പലിശ നിരക്ക് ഈടാക്കുന്നവരില്‍ നിന്ന് വായ്പയെടുത്ത് നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസമാകും. വായ്പ്പ ആവശ്യമുള്ളവരുടെ വീട്ട് മുറ്റത്ത് തുക എത്തിച്ചു നല്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാടാണ് പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീകള്‍ക്ക് ലഘുവായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്കുന്ന പദ്ധതിയാണിത്. തിരിച്ചടവ് ആഴ്ച തോറും നടത്താം. പദ്ധതി അനുസരിച്ച് 1000 മുതല്‍ 25000 രൂപവരെയാണ് വായ്പ്പയായി നല്‍കുന്നത്. 12 ശതമാനമാണ് പലിശ, അതായത് 100 രൂപയ്ക്ക് 1 രൂപ പലിശ. ഒരു വര്‍ഷം കൊണ്ട് പണം ഗഡുക്കളായി തിരിച്ചടയ്ക്കണം. 1000 രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 1120 രൂപ തിരിച്ചടയ്ക്കണം. പത്ത് ആഴ്ചകൊണ്ട് തിരിച്ചടവ് നടത്താന്‍ കഴിയുന്ന വായ്പയും പദ്ധതി അനുസരിച്ച് ലഭ്യമാണ്. ബ്ലേഡ് പലിശയ്ക്കെടുത്തിരിക്കുന്ന ലോണ്‍ ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്നതിന് നിശ്ചിത തുകയും പദ്ധതി അനുസരിച്ച് വായ്പ്പയായി നല്‍കും.
മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതും വിശ്വാസ യോഗ്യവുമായ മൂന്ന് കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഓരോ വാര്‍ഡിലും പദ്ധതി നടപ്പാക്കുന്നത്. വായ്പ നല്‍കാനുള്ള പണം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്നത് പ്രദേശത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളാണ്. വായ്പ നല്‍കുന്നതിനായി ഓരോ കുടുംബശ്രീ യൂണിറ്റിനും ഒമ്പത് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെയാണ് സഹകരണ സംഘങ്ങള്‍ നല്‍കുക. ദുര്‍ബലമായതോ ഈ പദ്ധതി നടപ്പാക്കാന്‍ താത്പര്യക്കുറവോ ലഘുവായ്പ ആവശ്യമുള്ള കുടുംബശ്രീ വീടുകളിലേക്ക് ചെന്ന് ആവശ്യമായ തുക നല്കുന്ന രീതിയാകും പിന്തുടരുക. ആഴ്ച തോറും വീടുകളിലെത്തി തിരിച്ചടവ് സ്വീകരിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ മുറ്റത്തെ മുല്ലപോലെ വീട്ട് മുറ്റത്ത് എ്ത്തി വായ്പാ സേവനം പദ്ധതി വഴി നല്‍കും.
സഹകരണ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയും ഈ പ്രസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യുക, ജനങ്ങളെ കൂടുതലായി സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേക്ക് നയിക്കുകയും അവരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളും മുറ്റത്തെ മുല്ല പദ്ധതിക്കുണ്ട്. ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
സാധാരണക്കാരന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ് പരിഹാരം തേടി നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ആദ്യ ക്യാഷ് ക്രെഡിറ്റ് വിതരണവും ആദ്യ വ്യക്തിഗത വായ്പാ വിതരണവും എം.ബി. രാജേഷ് എംപി നിര്‍വ്വഹിച്ചു. എന്‍. ഷംസുദ്ദീന് എംഎല്‍എ അധ്യക്ഷനായി. പി.കെ. ശശി എംഎല്‍എ മുഖ്യാതിഥിയായി. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു പദ്ധതി വിശദീകരണം നടത്തി. സഹകരണ സംഘം ജോയ്ന്റ് രജിസ്ട്രാര്‍ എം.കെ. ബാബു, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സാവിത്രി, പഞ്ചായത്തംഗം സി. സലീന, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ പി. ഉദയന്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി എം. പുരുഷോത്തമന് തുടങ്ങിയവര്‍ പങ്കെടുത്തു.
- 2161 views