വരവൂര്‍ ഗോള്‍ഡ് വേണോ....പോന്നോളൂ തൃശ്ശൂരിലേക്ക്..

Posted on Tuesday, October 13, 2026

പതിവ് തെറ്റിക്കാതെ ഇത്തവണയും വരവൂരിലെ പാടങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൂര്‍ക്ക കൊയ്ത്ത്. സി.ഡി.എസിലെ 27 കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജെ.എല്‍.ജികള്‍ വഴി 68 ഏക്കറിലാണ് വരവൂരിന്റെ സ്വന്തം ബ്രാന്‍ഡായ 'വരവൂര്‍ ഗോള്‍ഡ്' കൂര്‍ക്ക കൃഷി ചെയ്ത് ഇപ്പോള്‍ വിളവെടുത്തിരിക്കുന്നത്.

വരവൂര്‍ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസുമായി ചേര്‍ന്ന് നടത്തുന്ന ഈ പ്രവര്‍ത്തനത്തിൽ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7 കൃഷി സംഘങ്ങള്‍ കൂടി കൂടുതലായി ഭാഗമായിട്ടുണ്ട്. കൂര്‍ക്കയ്ക്ക് വിപണി കണ്ടെത്തുന്നതിനായി വരവൂര്‍ ഗോള്‍ഡ് കൂര്‍ക്ക ചന്തയ്ക്കും കൂര്‍ക്ക കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്ന കൂര്‍ക്ക ഫെസ്റ്റ് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഒക്ടോബർ 5 മുതൽ 7 വരെ സംഘടിപ്പിക്കുകയും ചെയ്തു.

കൂര്‍ക്കയും ബീഫും കൂര്‍ക്കയും ചിക്കനും കൂര്‍ക്കയും പത്തിരിയും കൂര്‍ക്കയും വെള്ളയപ്പവും തുടങ്ങിയ ഭക്ഷ്യ കോമ്പോകളും കൂര്‍ക്ക തോരന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളും കൂര്‍ക്ക ഫെസ്റ്റില്‍ ലഭ്യമാക്കിയിരുന്നു. ആകെ 1165 കിലോഗ്രാം കൂര്‍ക്കയാണ് ചന്തയും ഫെസ്റ്റും മുഖേന വിറ്റഴിഞ്ഞത്. ഇതുവഴി 89,475 രൂപയും ലഭിച്ചു. ഫെസ്റ്റ് മുഖേന മാത്രം 9570 രൂപയുടെ വില്‍പ്പനയും നടന്നു. കൂര്‍ക്ക അച്ചാറും വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു.

കൂര്‍ക്ക ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി അധ്യക്ഷയായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത് കെ. ദീപക് വിശിഷ്ടാതിഥിയായി. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സി.ഡി.എസ് പ്രതിനിധികള്‍, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content highlight
varavoor gold harvesting