സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച 'ധീരം' സ്വയംപ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്കുള്ള യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. എറണാകുളത്ത് തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശനി ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ 'ധീരം' ജില്ലാതല മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ മന്ത്രിയില്‍ നിന്ന് യൂണിഫോം ഏറ്റുവാങ്ങി.
കുടുംബശ്രീയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായാണ് 'ധീരം' സ്വയം പ്രതിരോധ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയംപ്രതിരോധ മുറകളില്‍ വിദഗ്ധ പരിശീലനം നല്‍കുകയും ഇതുവഴി സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം.
പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം വനിതകള്‍ പരിശീലനം നേടുകയും സംരംഭ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്ത് വരുമാനം നേടുകയും ചെയ്തുവരുന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 28 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി മാസ്റ്റര്‍ പരിശീലകരുമാക്കിയിട്ടുണ്ട്. ഇവര്‍ മുഖേനയാണ് താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നത്.
ധീരം പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്ക് സ്വയംപ്രതിരോധ മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകവും സംസ്ഥാനതലത്തില്‍ തയാറാക്കിയിട്ടുണ്ട്.
- 3 views



