ഗ്രാമങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുകയും അതോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന വിപണന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമായി ആജീവിക ഗ്രാമീണ്‍ എക്‌സ്പ്രസ് യോജന (എ.ജി.ഇ.വൈ)യുമായി കുടുംബശ്രീ. കേരളത്തില്‍ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായ സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ (എസ്.വി.ഇ.പി) ഭാഗമായാണ് എ.ജി.ഇ.വൈ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലായി 15 ബ്ലോക്കുകളിലാണ് പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചത്. ഇടുക്കി (ഇടുക്കി), ചെങ്ങന്നൂര്‍ (ആലപ്പുഴ), പനമരം (വയനാട്) എന്നീ ബ്ലോക്കുകളില്‍ വാഹനങ്ങള്‍ വാങ്ങുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. മാനന്തവാടി (വയനാട്), വണ്ടൂര്‍, കുറ്റിപ്പുറം, നിലമ്പൂര്‍ (മലപ്പുറം), പറക്കോട്, റാന്നി (പത്തനംതിട്ട), തൃത്താല, അട്ടപ്പാടി (പാലക്കാട്), പറവൂര്‍ (എറണാകുളം), ചടയമംഗലം (കൊല്ലം), തളിപ്പറമ്പ (കണ്ണൂര്‍), കാഞ്ഞങ്ങാട് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ യാത്രാക്ലേശം പരിഹരിക്കുക, അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഉപജീവന അവസരം ഒരുക്കുക, സി.ഡി.എസുകള്‍ക്ക് വരുമാനോപാധി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളാണ് കേരളത്തില്‍ പദ്ധതിക്കുള്ളത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കുന്നതിനുള്ള പരിമിതികള്‍ക്ക് പരിഹാരം എന്ന നിലയില്‍ കൂടിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇടുക്കി ബ്ലോക്കില്‍ അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇടുക്കി എം.എല്‍.എ റോയ് കെ. പൗലോസ് ചെറുതോണിയില്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് സി.ഡി.എസിലെ 11ാം വാര്‍ഡിലെ ഭദ്രദീപം അയല്‍ക്കൂട്ട കുടുംബാംഗമായ ഷമീറാണ് പദ്ധതിയുടെ ഭാഗമായി സംരംഭം നടത്തുക. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഈ വാഹനത്തില്‍ വിവിധ ടൂറിസ്റ്റ് മേഖലകളിലേക്കെത്തിച്ച് വിപണനം നടത്തുന്നത് കൂടാതെ വിനോദ സഞ്ചാരികളുടെ ചിത്രങ്ങളെടുത്ത് ഫ്രെയിം ചെയ്ത് നല്‍കുന്ന സംരംഭവും വാഹനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നു. ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബു. ജി പദ്ധതി വിശദീകരണവും നടത്തി.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിജു നിള, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കലേഷ് സി.ജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സേതുലക്ഷ്മി കെ.എസ്, അരുണ്‍ വി.എ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വാഴത്തോപ്പ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് നന്ദി പറഞ്ഞു. ജനപ്രതിനിധികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- 3 views



