കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന 2.0 (ഡി.ഡി.യു - ജി.കെ.വൈ), റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2.0 (ആർ-സെറ്റി) എന്നിവയുടെ ദ്വിദിന റീജിയണൽ ശിൽപ്പശാലയ്ക്ക് തിരുവനന്തപുരത്ത് ഇന്നലെ (മേയ് 11) തുടക്കം. ആക്കുളം ഗോകുലം ഗ്രാൻഡിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം (സ്കിൽസ്) ഡയറക്ടർ രാജ് പ്രിയ് സിംഗ് ഐ.എഫ്.എസ് ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരു പദ്ധതികളും കേരളത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണ്.
ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ 2026-27, 2027-28 സാമ്പത്തിക വർഷങ്ങളിലെയും, ആർ-സെറ്റിയുടെ 2026-27 സാമ്പത്തിക വർഷത്തെയും കര്‍മ്മ പദ്ധതികൾ ചര്‍ച്ച ചെയ്യുന്നതിനും ഈ പദ്ധതികളുടെ കൂടുതൽ ഫലപ്രദമായ നടത്തിപ്പിനും വേണ്ടിയുള്ള നയരൂപീകരണങ്ങൾക്കുമായാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇരു പദ്ധതികളുടെയും പുതിയ പതിപ്പുകളുടെ നടത്തിപ്പും ഭാവി ലക്ഷ്യങ്ങളും, പുതിയ മാർഗ്ഗരേഖകളും ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്യും.
ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി, തൊഴിൽ ഉറപ്പാക്കി മികച്ച വേതനം ലഭ്യമാക്കുകയെന്നതാണ് ഡി.ഡി.യു-ജി.കെ.വൈ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനമേകി അവരെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രാപ്തരാക്കാനും സംരംഭകത്വ വികസനം സാധ്യമാക്കാനുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ആർ-സെറ്റികൾ. ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകൾക്കാണ് ആർ-സെറ്റികളുടെ നടത്തിപ്പ് ചുമതല. കേരളത്തിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർവഹണ ഏജൻസി കൂടിയായ കുടുംബശ്രീയുമായി സഹകരിച്ചാണ് ആർ-സെറ്റികൾ പ്രവർത്തിക്കുന്നത്.
ആർ-സെറ്റി സംരംഭങ്ങളുടെ വിപുലീകരണവും നവീകരണവും ശിൽപ്പശാലയിൽ പ്രധാന ചർച്ചാവിഷയമാണ്. മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ പരിശീലന പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഗ്രാമീണ യുവാക്കളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങളും ചർച്ചകളും അവതരണങ്ങളും ശിൽപ്പശാലയിലുണ്ട്.
ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. മണിപ്പൂർ സ്റ്റേറ്റ് റൂറൽ ലൈവ്‍ലിഹുഡ് മിഷൻ ഡയറക്ടർ ബന്ദന ദേവി ഐ.എ.എസ്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) കൺവീനർ സന്തോഷ് വി.എസ്, നാഷണൽ അക്കാഡമി ഓഫ് റുഡ്സെറ്റി (എൻ.എ.ആർ) ഡയറക്ടർ ജനറൽ രാജു എൻ. കോറി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് (എൻ.ഐ.ആർ. ഡി.പി.ആർ)
ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡോ. സന്ധ്യ ഗോപകുമാരൻ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഐടി വിഭാഗം സീനിയർ ടെക്നിക്കൽ ഡയറക്ടർ ജി.വി.എസ്.എൻ. മൂർത്തി എന്നിവർ സംസാരിച്ചു. ഡി.ഡി.യു-ജി.കെ.വൈ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. ദിലീപ് നന്ദി പറഞ്ഞു.
കേരളത്തിന് പുറമേ മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, നാഷണൽ അക്കാഡമി ഓഫ് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് എന്നീ കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും ബാങ്കുകളിൽ നിന്നുളള ഉദ്യോഗസ്ഥരും ശിൽപ്പശാലയുടെ ഭാഗമാകുന്നു. ശിൽപ്പശാല ഇന്ന് സമാപിക്കും.
- 3 views



