കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ "സോക്കർ ലീഗ്' - യുവതയുടെ ആവേശവുമായി ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം

Posted on Thursday, February 26, 2026

കുടുംബശ്രീ ടൈബൽ യൂത്ത് ക്ളബ്ബുകളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ട്രൈബൽ "സോക്കർ ലീഗ്' ഫുട്ബോൾ ടൂർണമെന്റിന് നാളെ(27-2-2026) തുടക്കം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ നിർവഹിക്കും. അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മുഖ്യാതിഥിയാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ജേഴ്സിയുടെ  പ്രകാശനം നിർവഹിക്കും.  

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല ടൂർണമെന്റിൽ എല്ലാ ജില്ലകളിൽ നിന്നുമായി 14 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും പങ്കെടുക്കും. കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നു മുതൽ രാത്രി പത്തു വരെയാണ് മത്സരങ്ങൾ. 27-ന് നടക്കുന്ന ആദ്യമത്സരത്തിൽ മലപ്പുറവും കോട്ടയവും ഏറ്റുമുട്ടും.

കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, കൽപ്പറ്റ നഗരസഭാധ്യക്ഷ സൗമ്യഎസ്, വാർഡ് കൗൺസിലർ ബിന്ദു പി.പി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം കെ.കെ ലതിക, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പി.എസ്, ഐ.ടി.ഡി.പി പ്രോജക്ട് ഒാഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ  സഫിയ അസീസ് എന്നിവർ ആശംസിക്കും. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ നന്ദിയും പറയും.  

മാർച്ച് ഒന്നിന് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജനഗൽസ-"കേരളത്തിലെ ഗോത്രകലകൾ'-പുസ്തക പ്രകാശനവും പട്ടികജാതി-പട്ടികവർഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും.  അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ പണിയ മൈക്രോ പ്ളാൻ പ്രോജക്ടിന്റെ പ്രകാശനവും ജില്ലാ പോലീസ് മേധാവി അരുൺ പി. പവിത്രൻ വിജയികൾക്കുളള സമ്മാനദാനവും നിർവഹിക്കും.  

ടൂർണമെന്റിന്റെ ഭാഗമായി മന്ത്രി ഒാ.ആർ കേളു അധ്യക്ഷനും ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ് ഉപാധ്യക്ഷനും എം.എൽ.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുൺ പവിത്രൻ, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ഭാഗമായി രജിസ്ട്രേഷൻ, സ്വീകരണം, പ്രോഗ്രാം, പബ്ളിസിറ്റി, ഫിനാൻസ്, മെഡിക്കൽ, ടെക്നിക്കൽ, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങി പത്തോളം സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

 

Content highlight
tribal soccer league